പിന്നാക്ക മുസ്ലിം വിഭാഗങ്ങളെ കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ച് മഹാരാഷ്ട്ര സർക്കാർ

fadnavis

 മുംബൈ: സംസ്ഥാനത്ത് സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പരമായി പിന്നാക്കം നിൽക്കുന്ന മുസ്‍ലിം (പസ്മന്ദ മുസ്ലിം) വിഭാഗങ്ങളെ കുറിച്ച് പഠിക്കാൻ ബി.ജെ.പി നേതാവ് ഇദ്രീസ് മുലൽതാനിയുടെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയോഗിച്ച് മഹാരാഷ്ട്ര സർക്കാർ. പരമ്പരാഗത കരകൗശല വിദഗ്ധരും വിവിധ തൊഴിൽ മേഖലകളിൽപ്പെട്ടവരുമായ അൻസാരി, ഖുറൈശി, പിഞ്ചരി, മൻസൂരി, നദഫ്, അത്താർ തുടങ്ങിയ വിഭാഗങ്ങളുടെ വിദ്യാഭ്യാസ, തൊഴിൽ, ദാരിദ്ര്യം തുടങ്ങിയ കാര്യങ്ങൾ പഠിച്ച് ഒരു വർഷത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം. സംസ്ഥാന ജനസംഖ്യയുടെ 11.5 ശതമാനമാണ് മുസ്ലിംകൾ. എന്നാൽ, പസ്മാന്ദ വിഭാഗത്തിൽ പെടുന്നവരുടെ കണക്കുകൾ ഔദ്യോഗികമായി വേർതിരിച്ചിട്ടില്ല.

അതേസമയം, മുസ്ലിം ജനസംഖ്യയിൽ 80 ശതമാനത്തോളം പിന്നാക്ക വിഭാഗത്തിൽ പെട്ടവരാണെന്നാണ് മുസ്ലിം ഒ.ബി.സി സംഘടനകളുടെ കണക്ക്. 2008ലെ കോൺഗ്രസ്-എൻ.സി.പി സഖ്യ ഭരണകാലത്ത് മഹ്മൂദു റഹ്മാൻ കമ്മിറ്റി സമാനമായ പഠനം നടത്തുകയും വിദ്യാഭ്യാസ, തൊഴിൽ രംഗത്ത് സംവരണം ശിപാർശ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ശിപാർശ പ്രകാരം അന്നത്തെ കോൺഗ്രസ് സർക്കാർ നടപ്പിലാക്കിയ സംവരണം തുടർന്നുവന്ന ബി.ജെ.പി സർക്കാർ നിർത്തലാക്കി. അതേ ബി.ജെ.പി സർക്കാറാണ് നിലവിൽ പഠനത്തിന് പുതിയ സമിതിയെ നിയോഗിച്ചത്.

Tags