മധുര തനിഷ്ക് ജ്വല്ലറി കവർച്ച: മുഖ്യപ്രതിയുടെ ഒളിത്താവളത്തിൽ നിന്ന് 6.4 കിലോ സ്വർണം കൂടി കണ്ടെടുത്തു
ചെന്നൈ: തമിഴ്നാട്ടിലെ മധുരയിലുള്ള ടാറ്റ തനിഷ്ക് ജ്വല്ലറിയിൽ നടന്ന കോടിക്കണക്കിന് രൂപയുടെ കവർച്ചാക്കേസിൽ നിർണായക വഴിത്തിരിവ്. കേസിലെ മുഖ്യപ്രതിയായ യൂട്യൂബർ എസ്. നിഷാന്തിന്റെ (25) വിലാച്ചേരി മേഖലയിലെ ഒളിത്താവളത്തിൽ നിന്ന് മോഷ്ടിച്ച 6.4 കിലോ സ്വർണാഭരണങ്ങൾ കൂടി പൊലീസ് കണ്ടെടുത്തു. നിഷാന്തിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ് ഒളിത്താവളത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. നേരത്തെ മഡകുളത്തെ ജലസംഭരണിക്ക് സമീപം കുഴിച്ചിട്ട നിലയിൽ അഞ്ച് കിലോയോളം സ്വർണം പൊലീസ് കണ്ടെടുത്തിരുന്നു.
കവർച്ച നടന്ന് നാല് ദിവസത്തിന് ശേഷം തിങ്കളാഴ്ച പുലർച്ചെ ധർമ്മപുരി ജില്ലയിൽ നിന്നാണ് നിഷാന്തിനെ പൊലീസ് സാഹസികമായി പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് സേലത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന പ്രതിയെ ബസ് ഡ്രൈവർ തിരിച്ചറിഞ്ഞ് രഹസ്യമായി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അഞ്ച് കിലോമീറ്ററോളം ബസിനെ പിന്തുടർന്ന പൊലീസ് സേസമ്പട്ടിയിലെ ഒരു ബേക്കറിക്ക് സമീപം വാഹനം തടഞ്ഞുനിർത്തി. പൊലീസ് വളഞ്ഞെന്ന് മനസ്സിലാക്കിയ നിഷാന്ത് ബസിന്റെ ജനലിലൂടെ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അന്വേഷണ സംഘം കീഴ്പ്പെടുത്തുകയായിരുന്നു. രാത്രി 8.50-ഓടെ പ്രതിയെ മധുരയിലെ എസ്.എസ്. കോളനി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. 10 കിലോ സ്വർണാഭരണങ്ങളും ഒരു കിലോ വജ്രാഭരണങ്ങളും ഉൾപ്പെടെ ഏകദേശം 11 കിലോയോളം ആഭരണങ്ങളാണ് തനിഷ്ക് ഷോറൂമിൽ നിന്ന് നഷ്ടപ്പെട്ടത്. കേസിൽ നിഷാന്തിന്റെ പിതാവ് വി. സുരേഷ് (53), കാമുകി എം. മീനാക്ഷി (22) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
.jpg)

