മധുര തനിഷ്ക് ജ്വല്ലറി കവര്‍ച്ച:11 കിലോ സ്വര്‍ണവും 15 കോടിയുടെ വജ്രാഭരണങ്ങളും മോഷ്ടിച്ച കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍; മുഖ്യപ്രതി ഒളിവില്‍
അന്വേഷണത്തില്‍ ഇതുവരെ ഏകദേശം അഞ്ച് കിലോയോളം മോഷ്ടിച്ച ആഭരണങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
തമിഴ്നാട്ടിലെ മധുരയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച തനിഷ്ക് ജ്വല്ലറി കവര്‍ച്ചാ കേസില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും യൂട്യൂബറുമായ മീനാക്ഷിയെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. പുതുതായി ഉദ്ഘാടനം ചെയ്ത തനിഷ്ക് ഷോറൂമില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും വജ്രാഭരണങ്ങളും കവര്‍ന്ന സംഭവത്തിലാണ് അറസ്റ്റ്. മുഖ്യപ്രതിയുടെ പിതാവ് സുരേഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ഈ വന്‍ കവര്‍ച്ചയുടെ സൂത്രധാരനായ നിഷാന്ത് ഇപ്പോഴും ഒളിവിലാണ്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇതുവരെ ഏകദേശം അഞ്ച് കിലോയോളം മോഷ്ടിച്ച ആഭരണങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ വലിയൊരു ഫോളോവേഴ്സ് ശൃംഖലയുള്ള ആളാണ് അറസ്റ്റിലായ മീനാക്ഷി. മധുര ബൈപാസ് റോഡിലെ തനിഷ്ക് ഷോറൂമില്‍ നടന്ന ഞെട്ടിക്കുന്ന കവര്‍ച്ച പുറത്തുവന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ അറസ്റ്റുകള്‍ നടന്നിരിക്കുന്നത്. കോടികള്‍ വിലമതിക്കുന്ന ആഭരണങ്ങളാണ് ഷോറൂമില്‍ നിന്ന് നഷ്ടപ്പെട്ടത്.
നവംബര്‍ 12 വ്യാഴാഴ്ച രാവിലെ ഷോറൂം ജീവനക്കാര്‍ തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. പ്രദര്‍ശനത്തിന് വെച്ചിരുന്ന ആഭരണങ്ങള്‍ കാണാനില്ലായിരുന്നു. ലിഫ്റ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്ന ഭാഗത്തെ തുറസ്സിലൂടെയാണ് മുഖംമൂടി ധരിച്ച മോഷ്ടാവ് ഷോറൂമിനുള്ളില്‍ പ്രവേശിച്ചതെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. കെട്ടിടത്തിലേക്ക് പ്രവേശിക്കാന്‍ ലിഫ്റ്റ് ജോലികള്‍ക്കായി സ്ഥാപിച്ചിരുന്ന കയര്‍ പ്രതി ഉപയോഗിച്ചതായി കരുതുന്നു. ഒക്ടോബര്‍ 14-ന് ഉദ്ഘാടനം ചെയ്ത ഈ ഷോറൂം വെറും 15 ദിവസത്തെ പ്രവര്‍ത്തനത്തിന് ശേഷമാണ് കവര്‍ച്ചയ്ക്ക് ഇരയായത്.
.jpg)

