മെട്രോ സ്റ്റേഷന് വേണ്ടി ക്ഷേത്രഭൂമി ഏറ്റെടുക്കുന്ന പദ്ധതിയുമായി മുന്നോട്ടുപോകാം ; അനുമതി നൽകി മദ്രാസ് ഹൈക്കോടതി


ചെന്നൈ: മെട്രോ സ്റ്റേഷന് വേണ്ടി ഹിന്ദു ക്ഷേത്രങ്ങൾക്ക് സമീപമുള്ള ഭൂമി ഏറ്റെടുക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകാൻ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിന് മദ്രാസ് ഹൈക്കോടതി അനുമതി നൽകി. പൊതു ആവശ്യങ്ങൾക്ക് ഭൂമി ഏറ്റെടുക്കുന്നതിൽ നിന്ന് ഒഴിവാകാൻ മതസ്ഥാപനങ്ങൾക്ക് പ്രത്യേക അവകാശമില്ലെന്ന് കോടതി പറഞ്ഞു.
ലക്ഷക്കണക്കിന് ആളുകൾക്ക് ഉപകാരപ്പെടുന്ന പദ്ധതിക്കായി ക്ഷേത്രഭൂമി ഏറ്റെടുത്താൽ ദൈവാനുഗ്രഹം ലഭിക്കുകയേയുള്ളൂവെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കടേഷിന്റെ ബെഞ്ച് അഭിപ്രായപ്പെട്ടു. മെട്രോ സ്‌റ്റേഷന്റെ വികസനത്തിനായി ദൈവം ദയ ചൊരിയുമെന്ന് ഈ കോടതിയും ആത്മാര്‍ഥമായി വിശ്വസിക്കുന്നുവെന്നും ജസ്റ്റിസ് വെങ്കിടേഷ് പറഞ്ഞു.
ചെന്നൈയിലെ രത്തിന വിനായകർ ക്ഷേത്രത്തിന്റെയും ദുർഗാ അമ്മൻ ക്ഷേത്രത്തിന്റെയും ഭൂമിയുടെ ഒരു ഭാഗമാണ് മെട്രോ പാതയ്ക്കുവേണ്ടി ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കുമ്പോൾ ക്ഷേത്രം പൊളിക്കേണ്ടിവരുന്നില്ലെന്നും സൗകര്യങ്ങൾ അല്പം കുറയുമെന്നേയുള്ളൂവെന്നും കോടതി ചൂണ്ടിക്കാണിച്ചു.
