അന്നദാനത്തിനു ശേഷം ആളുകൾ ഉപേക്ഷിച്ച വാഴയിലയിൽ ഉരുളാൻ ഭക്തന് അനുമതി നൽകിയ ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈകോടതി


ചെന്നൈ : അന്നദാനത്തിനു ശേഷം ആളുകൾ ഉപേക്ഷിച്ച വാഴയിലയിൽ ഉരുളാൻ ഭക്തന് അനുമതി നൽകിയ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് മദ്രാസ് ഹൈകോടതിയിലെ ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
ഭക്ഷണം കഴിച്ച ശേഷം ഉപേക്ഷിച്ച വാഴയിലയിൽ ശയനപ്രദക്ഷിണം നടത്താൻ ഭക്തന് മൗലികാവകാശമുണ്ടെന്ന ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ വിധിക്കെതിരെ കരൂർ കലക്ടർ സമർപ്പിച്ച റിട്ട് അപ്പീൽ പരിഗണിച്ചാണ് ജസ്റ്റിസുമാരായ ആർ. സുരേഷ് കുമാറും ജി. അരുൾ മുരുഗനും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ വിധി.
എച്ചിലിലയിൽ ഉരുളുന്നത് മനുഷ്യന്റെ ആരോഗ്യത്തിനും അന്തസിനും ഹാനികരമെന്ന് ചൂണ്ടിക്കാട്ടി സിംഗ്ൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ള കേസിൽ തീർപ്പാവുന്നതുവരെ വാഴയിലയിൽ ഉരുളുന്ന രീതി അനുവദിക്കാനാവില്ലെന്ന് ബെഞ്ച് വിധിച്ചു.
ഭക്ഷണത്തിനായി ഉപയോഗിക്കുന്ന വാഴയിലയിൽ ശയനപ്രദക്ഷിണം നടത്താൻ കലക്ടറോട് അനുമതി തേടണമെന്ന് ആവശ്യപ്പെട്ട് പി. നവീൻ കുമാർ എന്നയാൾ കഴിഞ്ഞ വർഷം മധുര ബെഞ്ചിൽ സമർപിച്ച റിട്ട് ഹരജിയുമായി ബന്ധപ്പെട്ടതാണ് ഈ വിഷയം.
കരൂർ ജില്ലയിലെ മൻമംഗലം താലൂക്കിലെ നെരൂർ ഗ്രാമത്തിലെ സദാശിവ ബ്രഹ്മേന്ദ്രാളിന്റെ സമാധി ദിനമായ 2024 മെയ് 18ന് ശയനപ്രദക്ഷിണം നടത്താനാണ് ഹരജിക്കാരൻ ഉദ്ദേശിച്ചിരുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 25(1) മനസ്സാക്ഷി സ്വാതന്ത്ര്യത്തിനും സ്വതന്ത്രമായി മതം പ്രഖ്യാപിക്കാനും ആചരിക്കാനുമുള്ള അവകാശം ഉറപ്പുനൽകുന്നതിനാൽ ആചാരം നടത്താൻ ഭക്തന് ആരുടെയും അനുമതി തേടേണ്ടതില്ലെന്ന് നിരീക്ഷിച്ച് ജസ്റ്റിസ് സ്വാമിനാഥൻ റിട്ട് ഹരജി അനുവദിച്ചു.

എന്നാൽ, ഇതിനെതിരെ കലക്ടർ അപ്പീൽ നൽകുകയായിരുന്നു. മനുഷ്യന്റെ അന്തസ്സും ആരോഗ്യവും മുൻനിർത്തിയാണ് ഡിവിഷൻ ബെഞ്ച് അപ്പീലിൽ വിധി പറഞ്ഞത്. ഭക്തര്‍ ഭക്ഷണം കഴിച്ച എച്ചിലിലയിൽ ശയനപ്രദക്ഷിണം ചെയ്യുന്നത് തമിഴ്‌നാട് സര്‍ക്കാറും ജില്ലാ ഭരണകൂടവും അനുവദിക്കരുതെന്നും ജഡ്ജിമാര്‍ നിർദേശിച്ചു.