വിവാഹശേഷം ഭാര്യയെ തുടര്‍പഠനത്തിന് അനുവദിക്കാത്തത് ക്രൂരതയാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി

Madhya Pradesh High Court says not allowing wife to continue her studies after marriage is cruel
Madhya Pradesh High Court says not allowing wife to continue her studies after marriage is cruel

ഭോപ്പാല്‍ : വിവാഹശേഷം ഭാര്യയെ തുടര്‍പഠനത്തിന് അനുവദിക്കാത്തത് ക്രൂരതയാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഇത് വിവാഹമോചനത്തിന് കാരണമായി പരിഗണിക്കുമെന്നും കോടതി അറിയിച്ചു. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസത്തിന് ശേഷം തന്നെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും തുടര്‍പഠനത്തിന് അനുവദിച്ചില്ലെന്നും വിവാഹമോചനം നല്‍കണമെന്നും ചൂണ്ടിക്കാട്ടി യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് വിവേക് റുസിയ, ജസ്റ്റിസ് ഗജേന്ദ്ര സിങ് എന്നിവരടങ്ങുന്ന ഇന്‍ഡോര്‍ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.

പഠനം നിര്‍ത്താന്‍ നിര്‍ബന്ധിക്കുന്നതും പഠനം തുടരാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കുന്നതും ഭാര്യയുടെ സ്വപ്നങ്ങള്‍ തകര്‍ക്കുന്നതിന് തുല്യമാണ്. വിദ്യാഭ്യാസമില്ലാത്ത, സ്വയം മെച്ചപ്പെടാന്‍ ആഗ്രഹിക്കുകയും ചെയ്യാത്ത ഒരാളോടൊപ്പം ജീവിക്കാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിക്കരുതെന്നും ഇത് മാനസിക പീഡനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. 1955 ലെ ഹിന്ദു വിവാഹ നിയമം പ്രകാരം ഇത് വിവാഹമോചനത്തിന് അനുമതി നല്‍കാനുള്ള കാരണമാണെന്നും കോടതി വ്യക്തമാക്കി.

2015ലായിരുന്നു ഹര്‍ജിക്കാരിയുടെ വിവാഹം. 12ാം ക്ലാസ് വരെ യുവതി പഠിച്ചിരുന്നു. വിവാഹത്തിന് ശേഷവും പഠനം തുടരാന്‍ യുവതി ആഗ്രഹിച്ചിരുന്നുവെങ്കിലും ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ഇതിന് അനുവദിച്ചില്ല. ഇതോടെയാണ് യുവതി വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിക്കുന്നത്. എന്നാല്‍ യുവതി ഉന്നയിച്ച വിഷയം വിവാഹമോചനത്തിന് തക്കതായ കാരണമല്ലെന്നായിരുന്നു കുടുംബ കോടതിയുടെ പ്രതികരണം. ഇതോടെ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Tags