ലഖ്‌നൗവിൽ കോച്ചിങ് സെന്ററിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് 15 പേർ മരണപ്പെട്ട സംഭവം ; നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ലഖ്‌നോ : ലഖ്‌നോവിലെ അലിഗഞ്ച് പ്രദേശത്ത് കോച്ചിങ് സെന്റർ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തീപിടിച്ച് 15 പേർ മരിച്ച കേസിൽ നാലു പേർ അറസ്റ്റിൽ. നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ലഖ്‌നൗ വികസന അതോറിറ്റിയിൽ നിന്നുള്ള രണ്ട് പേരും വൈദ്യുതി, അഗ്നിശമന വകുപ്പുകളിൽ നിന്നുള്ള ഒരാൾ വീതവുമാണ് സസ്പെൻഷനിലായത്. തീപിടുത്തത്തെക്കുറിച്ച് അന്വേഷിക്കാൻ രണ്ടംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായും ഉത്തർ പ്രദേശ് പൊലീസ് അറിയിച്ചു.
സംഭവത്തിൽ ആറ് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. രാമകൃഷ്ണ ഉപാധ്യായ (43), വീരേന്ദ്ര പ്രസാദ് ശുക്ല (62), തുഷാർ കൃഷ്ണ ജയ്‌സ്വാൾ (31), സുരേഷ് കുമാർ സാഹു എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ കെട്ടിടത്തിന്റെ സംയുക്ത ഉടമകളാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വൈദ്യുതി വയറിംഗിലെ തകരാറും ശരിയായ എക്സിറ്റുകളുടെ അഭാവവുമാണ് ദുരന്തം കൂടുതൽ വഷളാക്കിയതെന്ന് താമസക്കാർ ആരോപിച്ചു.
ചില വിദ്യാർത്ഥികൾ ഒന്നാം നിലയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ചാടിയതായി ദൃശ്യങ്ങളിൽ കാണാം.തിരക്കേറിയ ഒരു വാണിജ്യ മേഖലയിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ ഒരു പെറ്റ് ഷോപ്പും മറ്റ് സ്റ്റോറുകളും ഉണ്ട്.ഉത്തർപ്രദേശിൽ അലിഗഞ്ച് പരിസരത്ത് സ്ഥിതി ചെയ്യുന്ന മൂന്ന് നില കെട്ടിടത്തിൽ തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായാണ് തീപിടിച്ചത്. സംഭവത്തിൽ ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കെട്ടിടത്തിന്റെ അനുമതിയെ കുറിച്ച് ദുരൂഹതകൾ ഉയർന്നിട്ടുണ്ട്. അനധികൃത നിർമാണത്തിന്റെ പേരിൽ 2016-ൽ ഈ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ടിരുന്നു. എന്നാൽ, രണ്ട് മാസത്തിനുള്ളിൽ തന്നെ ഈ ഉത്തരവ് പിൻവലിക്കുകയായിരുന്നു.
അലിഗഞ്ച് സ്കീമിലെ സെക്ടർ ഡി-യിലുള്ള, കെട്ടിട നമ്പർ MS/102/D എന്ന് രേഖപ്പെടുത്തിയിട്ടുള്ള ഈ വസ്തു, 1980 ജൂലൈ 11-ന് ലോട്ടറി സമ്പ്രദായത്തിലൂടെ വിജയ് കുമാർ എന്നയാൾക്കാണ് അനുവദിച്ചത്. 1980 നവംബർ 4-ന് കരാർ ഒപ്പിട്ടതിനെത്തുടർന്ന് കെട്ടിടത്തിന്റെ കൈവശാവകാശം അദ്ദേഹത്തിന് ലഭിച്ചു. 2005-ൽ, ഈ വസ്തു വിജയ് കുമാറിന്റെയും ഭാര്യ ഉഷയുടെയും പേരിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തു. പിന്നീട്, 2013 ജനുവരി 19-ന് ഇവർ ഈ വസ്തു വീരേന്ദ്ര പ്രതാപ് ശുക്ല, സുരേന്ദ്ര പ്രതാപ് ശുക്ല എന്നിവർക്ക് വിറ്റു. ലഖ്‌നോ ഡെവലപ്‌മെന്റ് അതോറിറ്റി (LDA) 2014 ഓഗസ്റ്റ് 7-ന് ഉടമസ്ഥാവകാശ മാറ്റം ഔദ്യോഗികമായി രേഖപ്പെടുത്തി. ഏകദേശം 1,992 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിന്റെ പ്ലാൻ, പാർപ്പിട ആവശ്യങ്ങൾക്കായി 2014 ഓഗസ്റ്റ് 20-ന് അംഗീകരിച്ചിരുന്നു. തുടർന്ന്, അനധികൃത നിർമാണത്തെക്കുറിച്ച് പരാതികൾ ഉയർന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ലഖ്‌നോ ഡെവലപ്‌മെന്റ് അതോറിറ്റി വീരേന്ദ്ര പ്രതാപ് ശുക്ലക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിന് ശേഷം, 2016 മെയ് 10-ന് അനധികൃത നിർമാണം പൊളിച്ചുമാറ്റാൻ അധികൃതർ ഉത്തരവിടുകയും ചെയ്തു. എന്നാൽ, ഉത്തരവ് പുറപ്പെടുവിച്ച് രണ്ട് മാസത്തിനുള്ളിൽ തന്നെ ജൂലൈ 5-ന് പൊളിച്ചുമാറ്റാനുള്ള ഉത്തരവ് പിൻവലിച്ചു. ഈ തീപിടിത്ത ദുരന്തത്തിന് ശേഷം ഇപ്പോൾ ഈ നടപടി വീണ്ടും ചർച്ചയാവുകയാണ്.
.jpg)

