രാജ്യത്തെ എല്ലാ എൽപിജി ഉപഭോക്താക്കളും ബയോമെട്രിക് ഇ-കെവൈസി പൂർത്തിയാക്കണം : പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം

West Asian conflict; Reports suggest potential LPG shortage in India

 രാജ്യത്തെ എല്ലാ എൽപിജി ഉപഭോക്താക്കളും ബയോമെട്രിക് ഇ-കെവൈസി പൂർത്തിയാക്കണം : പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം തിരുവനന്തപുരം: രാജ്യത്തെ എല്ലാ പാചകവാതക (എൽപിജി) ഉപഭോക്താക്കളും ആധാർ അധിഷ്ഠിത ബയോമെട്രിക് ഇ-കെവൈസി നടപടികൾ പൂർത്തിയാക്കണമെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം. നടപടി നിർബന്ധമാണെന്നും വീട്ടിലിരുന്ന് സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് സൗജന്യമായി എളുപ്പത്തിൽ ഈ പ്രക്രിയ പൂർത്തിയാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. എൽപിജി കണക്ഷൻ യഥാർഥ ഉപഭോക്താക്കളുടെ പേരിലാണെന്ന് ഉറപ്പാക്കാനും കൃത്യമായ വിവരങ്ങൾ ശേഖരിക്കാനും ഈ വെരിഫിക്കേഷൻ സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു. പാചകവാതക വിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സർക്കാർ ആനുകൂല്യങ്ങൾ അർഹരായ ഗുണഭോക്താക്കളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഇതിലൂടെ സാധിക്കും. ഭാവിയിൽ എൽപിജി സേവനത്തിൽ തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി ഉപഭോക്താക്കൾ ഇ-കെവൈസി നടപടികൾ ഉടൻ പൂർത്തിയാക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

മാർച്ച് ഒൻപതിനു പുറത്തിറക്കിയ വിജ്ഞാപനപ്രകാരം ആഭ്യന്തരമായി പ്രകൃതിവാതകം ഉപയോഗിച്ച് പാചകവാതകം ഉൽപ്പാദിപ്പിക്കുന്ന യൂണിറ്റുകൾക്ക് മുൻഗണനാ അടിസ്ഥാനത്തിൽ പ്രകൃതിവാതകം ലഭ്യമാക്കും. ഇതുവരെ സിഎൻജി, പൈപ്പ് വഴിയുള്ള പാചകവാതകം എന്നിവയ്ക്കായിരുന്നു ആഭ്യന്തര പ്രകൃതിവാതക വിതരണത്തിൽ മുൻഗണന നൽകിയിരുന്നത്. എന്നാൽ പുതിയ വിജ്ഞാപനത്തിലൂടെ എൽപിജിയെയും മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് മറ്റു മേഖലകളിലേക്ക് പ്രകൃതിവാതകം വിതരണം ചെയ്യുന്നതിന് മുൻപായി എൽപിജി, സിഎൻജി, പൈപ്പ് ഗ്യാസ് നിർമ്മാതാക്കളുടെ ആവശ്യങ്ങൾക്കാകും ഇനി മുതൽ പ്രഥമ പരിഗണന നൽകുക.

പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ അവശ്യവസ്തു നിയമം പ്രയോഗിച്ച് രാജ്യത്ത് വാണിജ്യാവശ്യ സിലിണ്ടറുകളുടെ വിതരണം നിയന്ത്രിക്കുകയും ചെയ്തു. ഇതോടെ ന്യൂഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ ഹോട്ടലുകളുടെയും റെസ്‌റ്റോറന്റുകളുടെയും പ്രവർത്തനം പ്രതിസന്ധിയിലായി. പല സ്ഥലങ്ങളിലും റെസ്‌റ്റോറന്റുകൾ അടച്ചുപൂട്ടൽ ആരംഭിച്ചിരിക്കുകയാണ്. അതേസമയം വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ പെട്ടന്നുണ്ടായ ക്ഷാമം പരിശോധിക്കുന്നതിനായി പെട്രോളിയം മന്ത്രാലയം പ്രത്യേക സമിതി നിയോഗിച്ചിട്ടുണ്ട്. പൊതുമേഖലാ എണ്ണക്കമ്പനികളിലെ മൂന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർമാർ ഉൾപ്പെടുന്നതാണ് സമിതി. ഇന്ത്യയിൽ പ്രതിവർഷം ശരാശരി 31.3 ദശലക്ഷം ടൺ പാചകവാതകം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ. ഇതിൽ 87 ശതമാനവും ഗാർഹിക ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. ശേഷിക്കുന്ന ഭാഗം വാണിജ്യ സ്ഥാപനങ്ങളിലേക്കാണ് വിതരണം ചെയ്യുന്നത്. അമേരിക്കയും ഇസ്രായേലും ഇറാനെ ലക്ഷ്യമാക്കി നടത്തുന്ന ആക്രമണത്തെ തുടർന്നുണ്ടായ സംഘർഷ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള സമുദ്ര ഗതാഗതം നിർത്തലായതാണ് ഇന്ത്യയിൽ പാചകവാതക പ്രതിസന്ധിക്ക് കാരണമായത്. ലോകത്ത് കടൽമാർഗ്ഗം കൊണ്ടുപോകുന്ന ഏകദേശം അഞ്ചിലൊന്ന് എണ്ണയും എൽഎൻജി കയറ്റുമതിയുടെ മൂന്നിലൊന്നും ഗൾഫിനെ ആഗോള വിപണികളുമായി ബന്ധിപ്പിക്കുന്ന ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്.

Tags