അഴിക്കുള്ളിൽ വിരിഞ്ഞ പ്രണയം ; രാജസ്ഥാനിൽ കൊലക്കേസ് പ്രതികൾ വിവാഹിതരായി
രാജസ്ഥാൻ : ജോധ്പുരിലുള്ള മണ്ഡോർ തുറന്ന ജയിൽ ഒരു വേറിട്ട വിവാഹത്തിന് വേദിയായി. കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്ന നാഗ്പൂർ സ്വദേശി മൂലാറാം ഭാട്ടി (33), മുംബൈ സ്വദേശി സീമ ഘട്സെ (31) എന്നിവരാണ് രാജസ്ഥാൻ ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ വിവാഹിതരായത്. ഏതാനും മണിക്കൂറുകൾക്കായി ജയിൽ പ്രദേശം ഒരു വിവാഹ മണ്ഡപമായി മാറുകയായിരുന്നു. കയ്യാമത്തിനു പകരം വധൂവരന്മാരുടെ കയ്യിൽ വരണമാല്യങ്ങൾ അണിയിച്ച്, പുരോഹിതൻ ചൊല്ലിയ വിവാഹമന്ത്രങ്ങളുടെ അകമ്പടിയോടെ ഇരുവരും ഏഴുചുറ്റും പൂർത്തിയാക്കി. പൊലീസ് ഉദ്യോഗസ്ഥരും ജയിൽ ജീവനക്കാരുമടക്കം 21 പേർ മാത്രമാണ് ചടങ്ങിന് സാക്ഷിയായത്.
കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട് വ്യത്യസ്ത ജയിലുകളിൽ കഴിഞ്ഞിരുന്ന മുലാറാമിനെയും സീമയെയും നല്ല നടപ്പ് കണക്കിലെടുത്താണ് മണ്ഡോറിലെ തുറന്ന ജയിലിലേക്ക് മാറ്റിയത്. ഇവിടെയെത്തിയ ഇരുവരും പരിചയപ്പെടുകയും പിന്നീട് ആ ബന്ധം പ്രണയമായി വളരുകയും ചെയ്യുകയായിരുന്നു. തുടർന്ന് വിവാഹം കഴിക്കാൻ തീരുമാനിച്ചെങ്കിലും തടവുകാരായതിനാൽ കോടതിയുടെ അനുമതി ആവശ്യമായിരുന്നു. ഇതേത്തുടർന്ന് ഇരുവരും രാജസ്ഥാൻ ഹൈക്കോടതിയെ സമീപിച്ചു.
വിവിധ നിയമവശങ്ങൾ പരിശോധിച്ച ശേഷം ജഡ്ജിമാരായ പി.എസ്.ഭാട്ടി, പ്രവീർ ഭട്ട്നഗർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിവാഹത്തിന് അനുമതി നൽകി. പ്രായപൂർത്തിയായ രണ്ടുപേർ പരസ്പര സമ്മതത്തോടെ വിവാഹം കഴിക്കുന്നത് മൗലികാവകാശമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അയൽക്കാരനെ കൊലപ്പെടുത്തിയ കേസിൽ 2017-ലാണ് മൂലാറാം ശിക്ഷിക്കപ്പെട്ടത്. അതേസമയം, നേരത്തെ വിവാഹിതയായിരുന്ന സീമ മുൻ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റിലായി ജീവപര്യന്തം തടവ് അനുഭവിച്ചു വരുന്നത്.
.jpg)

