സ്പീക്കര്‍ക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം തള്ളി ലോക്‌സഭ

Opposition moves no-confidence motion against Speaker Om Birla in Lok Sabha

വലിയ വാദപ്രതിവാദങ്ങളാണ് ലോക്‌സഭയില്‍ അവിശ്വാസ പ്രമേയത്തിന്മേല്‍ ഉണ്ടായത്.

ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ പുറത്താക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ലോക്‌സഭ തള്ളി. ശബ്ദവോട്ടോടെയാണ് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ലോക്‌സഭ തള്ളിയത്. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

വലിയ വാദപ്രതിവാദങ്ങളാണ് ലോക്‌സഭയില്‍ അവിശ്വാസ പ്രമേയത്തിന്മേല്‍ ഉണ്ടായത്. പ്രമേയത്തില്‍ മറുപടി നല്‍കിയ അമിത് ഷാ രാഹുല്‍ ഗാന്ധിയെയും പ്രതിപക്ഷത്തെയും രൂക്ഷമായാണ് വിമര്‍ശിച്ചത്. സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയത്തെ രാഷ്ട്രീയത്തിലെ അങ്ങേയറ്റം ഖേദകരമായ നടപടി എന്നാണ് അമിത് ഷാ വിശേഷിപ്പിച്ചത്. പിന്നാലെ രാഹുല്‍ ഗാന്ധി സഭയില്‍ വരാറില്ലെന്നും വന്നാല്‍ ഫ്ളൈയിങ് കിസ് നല്‍കുകയും കണ്ണിറുക്കുകയുമാണ് ചെയ്യുന്നത് എന്നും അമിത് ഷാ ആക്ഷേപിച്ചു. പരാമര്‍ശം വിവാദമായതോടെ അവ സഭാരേഖയില്‍ നിന്ന് നീക്കാമെന്ന് ചെയര്‍ അറിയിച്ചു. ദേശീയ താല്പര്യത്തിന് വിരുദ്ധമാണ് രാഹുല്‍ ഗാന്ധിയുടെ താല്പര്യങ്ങളെന്നും അമിത് ഷാ വിമര്‍ശിച്ചു.
നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി നല്‍കാന്‍ പ്രധാനമന്ത്രി എത്താതിരുന്ന വിഷയത്തില്‍ ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് ആണ് മറുപടി നല്‍കിയത്. പ്രധാനമന്ത്രി സഭയില്‍ എത്താതിരിക്കാന്‍ സ്പീക്കര്‍ ഇടപെട്ടത് ഉചിതമായ നടപടിയെന്നാണ് രവിശങ്കര്‍ പ്രസാദ് പറഞ്ഞത്. പ്രധാനമന്ത്രി അന്ന് സഭയില്‍ വന്നിരുന്നെങ്കില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്നും പ്രധാനമന്ത്രിയെ അപമാനിക്കാനുള്ള നീക്കമായിരുന്നു കോണ്‍ഗ്രസ് നടത്തിയത് എന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് നിരവധിപ്രതിപക്ഷ നേതാക്കളാണ് സംസാരിച്ചത്. പ്രതിപക്ഷ നേതാക്കള്‍ക്ക് സഭയില്‍ സംസാരിക്കാന്‍ മതിയായ അവസരം ലഭിക്കുന്നില്ലെന്നും ഭരണപക്ഷത്തിന്റെ സ്വേച്ഛാധിപത്യത്തിന്റെ അടയാളമായി സഭ മാറി എന്നും ആര്‍ജെഡി എംഎല്‍എ അഭയ് കുമാര്‍ സിന്‍ഹ പറഞ്ഞു. സഭയില്‍ ഒരു ദിവസം 140 എംപിമാരെ വരെ പുറത്താക്കുന്നത് കണ്ടുവെന്നും അഭയ് കുമാര്‍ സിന്‍ഹ പറഞ്ഞു.

Tags