സമൂസ വാങ്ങാൻ ട്രെയിൻ നിര്‍ത്തി ലോക്കോ പൈലറ്റ്; കര്‍ശന നടപടിയുമായി റെയില്‍വേ

d

ഇത്തരത്തില്‍ ട്രെയിൻ നിർത്തി ഭക്ഷണം വാങ്ങുന്നത് ഇവിടെ പതിവാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു

ഡൽഹി:  മധ്യപ്രദേശിലെ ഇൻഡോറില്‍ നിന്ന് അംബേദ്കർ നഗറിലേക്ക് പോവുകയായിരുന്ന ഡെമു ട്രെയിൻ സമൂസ വാങ്ങുന്നതിനായി ലോക്കോ പൈലറ്റ് പാതിവഴിയില്‍  നിർത്തിയിട്ടു. സംഭവം വലിയ വിവാദമായതോടെ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് റെയില്‍വേ നടപടികളിലേക്ക് കടന്നത്.

ട്രെയിൻ ട്രാക്കിന് സമീപത്തെ കടയില്‍ നിന്ന് ലോക്കോ പൈലറ്റ് സമൂസ വാങ്ങുന്ന ദൃശ്യങ്ങളാണ് വൈറലായത്. ഇത്തരത്തില്‍ ട്രെയിൻ നിർത്തി ഭക്ഷണം വാങ്ങുന്നത് ഇവിടെ പതിവാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. മിനിറ്റുകളോളം ട്രെയിൻ നിർത്തിയിട്ട ശേഷമാണ് ലോക്കോ പൈലറ്റ് തിരികെ കയറി യാത്ര തുടരാറുള്ളതെന്നാണ് ആരോപണം.

സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചതായി റെയില്‍വേ പിആർഒ മുകേഷ് കുമാർ അറിയിച്ചു. സിഗ്നലുകളോ കൃത്യമായ കാരണങ്ങളോ ഇല്ലാതെ ട്രെയിൻ നിർത്തുകയും, ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ലോക്കോ പൈലറ്റ് കാബിൻ വിട്ടിറങ്ങുകയും ചെയ്തത് കുറ്റകരമാണെന്നും, അന്വേഷണത്തില്‍ തെറ്റ് ബോധ്യപ്പെട്ടാല്‍ കർശന നടപടി സ്വീകരിക്കുമെന്നും റെയില്‍വേ അധികൃതർ വ്യക്തമാക്കി.

Tags