എൽഎൻജി വിതരണത്തിലെ തടസ്സം : അവശ്യവസ്തു നിയമം ഏർപ്പെടുത്തി കേന്ദ്രം

lng

 ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോള എൽഎൻജി വിതരണത്തിൽ തടസ്സങ്ങൾ നേരിടുന്ന സാഹചര്യത്തിൽ, കേന്ദ്രസർക്കാർ അവശ്യവസ്തു നിയമം (1995) നടപ്പിൽ വരുത്തി. പെട്രോളിയം, പ്രകൃതിവാതകം എന്നിവയ്ക്കാണ് നടപടി ബാധകമാകുക. ഇതിന്റെ ഭാഗമായി 2026 ലെ പ്രകൃതിവാതക (വിതരണ നിയന്ത്രണം) ഉത്തരവ് സർക്കാർ വിജ്ഞാപനം ചെയ്തു. 2026 മാർച്ച് 9-ന് പുറത്തിറക്കിയ ഉത്തരവ്, ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ഉടൻ പ്രാബല്യത്തിൽ വന്നതായി സർക്കാർ അറിയിച്ചു. വിജ്ഞാപനം പ്രകാരം ഗ്യാസ് ഉപഭോക്താക്കളെ വ്യത്യസ്ത മുൻഗണനാ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ മേഖലയിലേക്കുമുള്ള വിതരണം അവരുടെ മുൻകാല ഉപഭോഗത്തെ അടിസ്ഥാനമാക്കി നിശ്ചയിക്കുന്നു. ദൈനംദിന ഉപയോഗത്തിനും ഊർജ്ജ വിതരണത്തിനും അത്യാവശ്യമായി കണക്കാക്കപ്പെടുന്ന മേഖലകൾക്കാണ് ഏറ്റവും ഉയർന്ന മുൻഗണന നൽകിയിരിക്കുന്നത്. ഗാർഹിക പൈപ്പ് നാച്ചുറൽ ഗ്യാസ് (PNG), ഗതാഗതത്തിൽ ഉപയോഗിക്കുന്ന കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (CNG), LPG ഉത്പാദനം, പൈപ്പ്ലൈൻ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഇന്ധനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ ആറ് മാസത്തെ ശരാശരി ഗ്യാസ് ഉപഭോഗത്തിന്റെ 100 ശതമാനം വരെ ഈ മേഖലകൾക്ക് ലഭിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. അതുവഴി ഗാർഹിക പാചക വാതക വിതരണം, വാഹനങ്ങൾക്കുള്ള ഇചഏ ലഭ്യത, ഘജഏ ഉത്പാദനം എന്നിവ വലിയ തോതിൽ പ്രതികൂലമായി ബാധിക്കപ്പെട്ടേക്കില്ലെന്നാണ് വിലയിരുത്തൽ. മുൻഗണനാ മേഖല രണ്ടിൽ വളം പ്ലാന്റുകളെ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തെ ശരാശരി ഗ്യാസ് ഉപഭോഗത്തിന്റെ 70 ശതമാനം വരെ ലഭിക്കും. രാസവള ഉൽപാദനത്തിന് മാത്രമേ വാതകം ഉപയോഗിക്കാവൂ എന്നും നിഷ്‌കർഷിച്ചിട്ടുണ്ട്. ഇതുപ്രകാരം രാസവള കമ്പനികൾ രാസവളങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിന് മാത്രമാണ് വാതകം ഉപയോഗിക്കുന്നതെന്ന് സ്ഥിരീകരിക്കുന്ന ഒരു സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്. ഒരു പ്ലാന്റിലേക്ക് അനുവദിച്ച ഗ്യാസ് മറ്റൊരു യൂണിറ്റിലേക്ക് മാറ്റാൻ കഴിയില്ല. തേയില വ്യവസായങ്ങൾ, നിർമ്മാണ യൂണിറ്റുകൾ, ദേശീയ ഗ്യാസ് ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടുള്ള മറ്റ് വ്യാവസായിക ഉപഭോക്താക്കൾ എന്നിവരെ മുൻഗണനാ മേഖല മൂന്നിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശരാശരി ഗ്യാസ് ഉപഭോഗത്തിന്റെ 80% ഈ വ്യവസായങ്ങൾക്ക് ലഭിക്കും.

സിറ്റി ഗ്യാസ് വിതരണ ശൃംഖലകൾ വഴി ഗ്യാസ് സ്വീകരിക്കുന്ന വ്യാവസായിക, വാണിജ്യ ഉപഭോക്താക്കളെ മുൻഗണനാ മേഖല നാലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, ശരാശരി ഉപഭോഗത്തിന്റെ 80 ശതമാനം വരെ ലഭിക്കും. എൽപിജി ക്ഷാമം ഇന്ത്യയുടെ ഗാർഹിക- വാണിജ്യ മേഖലകളെയും ബാധിക്കും. പൂഴ്ത്തിവെപ്പിനും കരിഞ്ചന്തക്കുമെതിരെ നടപടിയുണ്ടാക്കുമെന്നും സിലിണ്ടർ ബുക്കിങ്ങുകൾക്ക് 25 ദിവസത്തെ ഇടവേളയുണ്ടാക്കുമെന്നും അധികൃതർ അറിയിച്ചു. എൽപിജിക്ക് പ്രതിസന്ധിയില്ലെന്നും അധികൃതർ കൂട്ടിചേർത്തു. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി, പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags