മദ്യനയ കേസ് : അറസ്റ്റിലായ സിസോദിയയുടെ കസ്റ്റഡി ഏഴു ദിവസം കൂടി നീട്ടണമെന്ന് ഇ.ഡി കോടതിയിൽ

Manish Sisodia

ന്യൂഡൽഹി: മദ്യനയ കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടണമെന്നാവശ്യപ്പെട്ട് ഇ.ഡി റോസ് അവന്യൂ​ കോടതിയിൽ. എന്തുകൊണ്ടാണ് നിരവധി തവണ ഫോണുകൾ മാറ്റിക്കൊണ്ടിരിക്കുന്നതെന്ന ചോദ്യത്തിന് ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ കൃത്യമായ ഉത്തരം നൽകിയില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. ഇ.ഡി കസ്റ്റഡിയിലായിരിക്കുമ്പോൾ സിസോദിയ ഐ.എ.എസ് ഉദ്യോഗസ്ഥരടക്കമുള്ള മൂന്നുപേരുമായി ഏറ്റുമുട്ടിയതായും ഇ.ഡി പറഞ്ഞു.

സിസോദിയയെ വീണ്ടും കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് ഇ.ഡി ആവശ്യപ്പെട്ടത്. അതെസമയം സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടണമെന്ന ഇ.ഡി ആവശ്യം അദ്ദേഹത്തിന്റെ അഭിഭാഷകൻ എതിർത്തു.

നേരത്തേ സിസോദിയയുടെ കംപ്യൂട്ടർ അന്വേഷണ ഏജൻസി പിടി​ച്ചെടുത്തിരുന്ന കാര്യവും ഇക്കാര്യങ്ങളെല്ലാം വീണ്ടും ആവർത്തിക്കുകയാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇ.ഡി സി.ബി.ഐയുടെ നിഴൽ സംഘടനയാണോയെന്നും അഭിഭാഷകൻ ചോദിച്ചു.

രണ്ടുദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ഫെബ്രുവരി 26നാണ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് സിസോദിയ. അതിനിടെ കഴിഞ്ഞ ദിവസം സിസോദിയക്കെതിരെ സി.ബി.ഐ പുതിയ കേസ് ഫയൽ ചെയ്തിരുന്നു. സര്‍ക്കാരിന്റെ ഫീഡ്ബാക്ക് യൂണിറ്റില്‍ അഴിമതി ആരോപിച്ചാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്.

അതിനിടെ, സിസോദിയയുടെ ഔദ്യോഗിക വസതി ഡൽഹി സർക്കാർ മന്ത്രി അതിഷിക്ക് കൈമാറി. സിസോദിയയുടെ അറസ്റ്റിനു ശേഷം വിദ്യാഭ്യാസം, ടൂറിസം, സാംസ്കാരികം, പൊതുമരാമത്ത് വകുപ്പുകളുടെ ചുമതല വഹിക്കുന്നത് അതിഷിയാണ്.

Share this story