ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള അഭിഭാഷകൻ ദീപക് നന്ദയ്ക്ക് സുരക്ഷ ഉറപ്പാക്കാൻ നിർദേശം; ബുള്ളറ്റ് പ്രൂഫ് വാഹന ആവശ്യം തള്ളി
ന്യൂഡൽഹി: ജയിലിൽ കഴിയുന്ന ഗുണ്ടാസംഘത്തലവൻ ലോറൻസ് ബിഷ്ണോയിയുമായി ബന്ധമുള്ള അഭിഭാഷകൻ ദീപക് നന്ദയുടെ സുരക്ഷ ഉറപ്പാക്കാൻ തിഹാർ ജയിൽ അധികൃതർക്ക് ഡൽഹി കോടതി നിർദേശം നൽകി. ജയിലിനുള്ളിലും പുറത്തേക്ക് കൊണ്ടുപോകുമ്പോഴുള്ള യാത്രയിലും സുരക്ഷ ഉറപ്പാക്കണമെന്ന് വ്യക്തമാക്കിയ കോടതി, എന്നാൽ ബുള്ളറ്റ് പ്രൂഫ് വാഹനവും പ്രത്യേക സായുധ കമാൻഡോ അകമ്പടിയും അനുവദിക്കണമെന്ന ആവശ്യം തള്ളി. രോഹിത് ഗോദാര സംഘത്തിലെ അംഗങ്ങളിൽ നിന്നും ബിഷ്ണോയ് സംഘത്തിന്റെ മറ്റ് എതിരാളികളിൽ നിന്നും നന്ദയെ ജയിലിൽ പ്രത്യേകം മാറ്റിപ്പാർപ്പിക്കണമെന്നും പ്രത്യേക ജഡ്ജി കിരൺ ബൻസാൽ ഉത്തരവിട്ടു.
ദീപക് ഖത്രി എന്ന പേരിലും അറിയപ്പെടുന്ന നന്ദ നിലവിൽ തിഹാർ ജയിലിലാണ് കഴിയുന്നത്. ജയിലിന് പുറത്തേക്കുള്ള യാത്രകളിൽ പ്രത്യേക സായുധ കമാൻഡോ സംഘത്തെയും ബുള്ളറ്റ് പ്രൂഫ് വാഹനവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.കഴിഞ്ഞ ഫെബ്രുവരി 24-ന് ഡൽഹിയിലെ മർഘട്ട് വാലേ ബാബ ക്ഷേത്രത്തിന് സമീപം രോഹിത് ഗോദാര സംഘാംഗങ്ങൾ തനിക്കുനേരെ ആക്രമണം നടത്തിയെന്നാണ് നന്ദയുടെ ഹർജിയിലെ ആരോപണം. സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിച്ചിരുന്ന കാറിന് നേരെ അക്രമികൾ വെടിയുതിർത്തതായും ഒപ്പമുണ്ടായിരുന്നയാൾക്ക് വെടിയേറ്റതായും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സംഭവത്തിൽ കശ്മീരി ഗേറ്റ് പൊലീസ് കേസെടുത്തിരുന്നു. നേരത്തേ ഡൽഹി ഹൈക്കോടതിയിൽ നിന്ന് നന്ദയ്ക്ക് ഒരു വ്യക്തിഗത സുരക്ഷാ ഉദ്യോഗസ്ഥനെ അനുവദിച്ച ഉത്തരവും ലഭിച്ചിരുന്നു.
ജയിലിൽ നിന്ന് കോടതിയിലേക്കും ആശുപത്രിയിലേക്കും കൊണ്ടുപോകുമ്പോൾ രണ്ട് പൊലീസുകാരുടെ അകമ്പടി ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ഭീഷണിയുള്ള തടവുകാരുടെ പേരുകളും സുരക്ഷാ ഭീഷണിയും വാറന്റിൽ രേഖപ്പെടുത്തി ജയിൽ വാനിലും കോടതി ലോക്കപ്പിലും പ്രത്യേകം സൂക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നും നിർദേശത്തിലുണ്ട്. പ്രത്യേക ഭീഷണി കണ്ടെത്തിയിട്ടില്ലെന്ന പൊലീസ് റിപ്പോർട്ട് കൂടി പരിഗണിച്ചാണ് മറ്റ് പ്രത്യേക സൗകര്യങ്ങൾ അനുവദിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കിയത്. നേരിട്ട് ഹാജരാക്കാൻ പ്രത്യേക നിർദേശമില്ലെങ്കിൽ വിഡിയോ കോൺഫറൻസിങ് വഴി ഹാജരാക്കാമെന്നും കോടതി ഉത്തരവിട്ടു.
.jpg)

