വിനോദസഞ്ചാരികളെന്ന വ്യാജേന കടൽമാർഗ ആക്രമണങ്ങൾക്ക് പരിശീലനം; ലഷ്‌കർ ഭീകരർ പാകിസ്ഥാനിലെ ചരന ദ്വീപിലെന്ന് റിപ്പോർട്ട്

Lashkar terrorists training for sea attacks by posing as tourists; Report says they are on Charana Island in Pakistan

ന്യൂഡൽഹി: വിനോദസഞ്ചാരികളെന്ന വ്യാജേന പാകിസ്ഥാനിലെ ചരന ദ്വീപിൽ ലഷ്‌കർ ഇ- ത്വയ്ബ ഭീകരർക്ക് കടൽമാർഗമുള്ള ആക്രമണങ്ങൾക്ക് പരിശീലനം നൽകുന്നതായി റിപ്പോർട്ട്. കറാച്ചിക്ക് സമീപമുള്ള ദ്വീപിൽ സ്കൂബ ഡൈവിങ്, കോംബാറ്റ് സ്വിമ്മിങ്, വെള്ളത്തിനടിയിലെ സൈനിക നീക്കങ്ങൾ തുടങ്ങിയവയിലാണ് ഭീകരർ പരിശീലനം നേടുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഗുജറാത്തിലെ മുൻദ്ര തുറമുഖത്തിൽ നിന്ന് 246 നോട്ടിക്കൽ മൈൽ മാത്രം അകലെയാണ് കറാച്ചി.

കറാച്ചിയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ചരന ദ്വീപിൽ ലഷ്‌കറിന്റെ 'ദവ മറൈൻ വിങ്' (സദാ-ഇ-ഹുറിയത്ത്) വിഭാഗത്തിൽപ്പെട്ടവരാണ് പരിശീലനം നേടുന്നത്. ലഷ്‌കറിന്റെ പ്രോക്സി സംഘടനയായ പാകിസ്ഥാൻ മർകസി മുസ്‌ലിം ലീഗിലെ (പിഎംഎംഎൽ) അംഗങ്ങളാണ് ഇവർക്ക് പരിശീലകർ. കടൽമാർഗമുള്ള പ്രവർത്തനങ്ങൾ വിപുലീകരിച്ച് വലിയ തോതിലുള്ള ആക്രമണങ്ങൾ നടത്താൻ സംഘടന നീക്കം നടത്തുന്നുണ്ടെന്നാണ് സൂചന. നേരത്തെ പാക് അധീന കശ്മീരിലെ മംഗ്ല അണക്കെട്ടിലും ഇവർ പരിശീലനം നടത്തിയിരുന്നു.

അതിനിടെ, യുവാക്കളെ സോഷ്യൽ മീഡിയയിലൂടെ ഭീകരവാദത്തിലേക്ക് ആകർഷിക്കുകയും റിക്രൂട്ട് ചെയ്യുകയും ചെയ്യുന്ന ലഷ്‌കർ ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീരിലെ ആറ് കേന്ദ്രങ്ങളിൽ കൗണ്ടർ ഇന്റലിജൻസ് കശ്മീർ (CIK) പരിശോധന നടത്തി. ബുദ്ഗാം, ശ്രീനഗർ, ബിജ്ബെഹറ, മട്ടൻ, പുൽവാമ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ നടന്ന റെയ്ഡിൽ ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും ഉൾപ്പെടെയുള്ള തെളിവുകൾ പോലീസ് പിടിച്ചെടുത്തു.

Tags