ഫ്‌ലാറ്റ് ഒഴിപ്പിക്കാനെത്തിയ വീട്ടുടമയുടെ ഭാര്യയുടെ മുഖത്തേക്ക് വാടകക്കാരന്‍ വെടിവെച്ചു
ലൈസന്‍സുള്ള തോക്കുപയോഗിച്ചാണ് വാടകക്കാരനായ ജെ. പി. എസ്. ഛദ്ദ വെടിവച്ചത്
ചണ്ഡീഗഢില്‍ ഫ്‌ലാറ്റ് ഒഴിപ്പിക്കാന്‍ എത്തിയ വീട്ടുടമയുടെ ഭാര്യയുടെ മുഖത്തേക്ക് വാടകക്കാരന്‍ വെടിവെച്ചു. വീട്ടുടമ രാജിന്ദര്‍ സിങ്ങിന്റെ ഭാര്യ മന്‍വീന്ദര്‍ കൗറിനാണ് വെടിയേറ്റത്. വാടകക്കാരനായ അഭിഭാഷകന്‍ പിടിയിലായി. ലൈസന്‍സുള്ള തോക്കുപയോഗിച്ചാണ് വാടകക്കാരനായ ജെ. പി. എസ്. ഛദ്ദ വെടിവച്ചത്. ഏറെക്കാലമായി വാടക വീട് ഒഴിയാതിരുന്ന ഛദ്ദയെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഒഴിപ്പിക്കാനാണ് മന്‍വീന്ദര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം എത്തിയത്.
കഴിഞ്ഞ 36 വര്‍ഷമായി ഫ്‌ലാറ്റില്‍ താമസിച്ചുവരികയാണ് വാടകക്കാരനായ ജെ.പി.എസ്. ഛദ്ദ. ഇയാളെ ഒഴിപ്പിക്കാനുള്ള കോടതി ഉത്തരവ് നടപ്പാക്കുന്നതിനായി വീട്ടുടമസ്ഥന്‍ രജീന്ദര്‍ സിങ്ങിന്റെ ഭാര്യ മന്‍വീന്ദര്‍ കൗര്‍, കോടതി ബെയിലിഫിനും പോലീസിനുമൊപ്പം ഫ്‌ലാറ്റിലെത്തുകയായിരുന്നു.
നിരന്തരം വാതിലില്‍ മുട്ടിയിട്ടും തുറക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് പോലീസ് പൂട്ട് പൊളിച്ച് അകത്തുകയറാന്‍ ശ്രമിച്ചപ്പോഴാണ് ബാല്‍ക്കണിയില്‍ നിന്ന് സംഘത്തിന് നേരെ വെടിയുതിര്‍ത്തത്. തന്റെ ലൈസന്‍സുള്ള തോക്കില്‍ വീണ്ടും തിരകള്‍ നിറയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് ചദ്ദയെ കീഴടക്കി അറസ്റ്റ് ചെയ്തു.
ഫ്‌ലാറ്റിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി ചദ്ദയും വീട്ടുടമസ്ഥനും തമ്മില്‍ കാലങ്ങളായി നിലനിന്നിരുന്ന തര്‍ക്കത്തെത്തുടര്‍ന്നാണ് സംഭവം ഉണ്ടായത്. എന്നാല്‍, കേസില്‍ തങ്ങള്‍ക്ക് അനുകൂലമായി സ്റ്റേ ഓര്‍ഡര്‍ ഉണ്ടെന്നും ചിലര്‍ വീട്ടിനുള്ളിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ചദ്ദയുടെ മകന്‍ ആരോപിച്ചു. കേസിന്റെ അടുത്ത കോടതി വാദം കേള്‍ക്കല്‍ ഓഗസ്റ്റ് 3-ന് നിശ്ചയിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
.jpg)

