കുനോ ദേശീയോദ്യാനത്തിൽ ഇന്ത്യയിൽ ജനിച്ച പെൺചീറ്റക്ക് അഞ്ച് കുഞ്ഞുങ്ങൾ പിറന്നു

An India-born female cheetah gave birth to five cubs at Kuno National Park.

 ഭോപാൽ: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ഇന്ത്യയിൽ ജനിച്ച പെൺചീറ്റയായ കെ.ജെ.പി 21 അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ഇതോടെ രാജ്യത്തെ ആകെ ചീറ്റകളുടെ എണ്ണം 60 ആയി. ഇതിൽ 41 എണ്ണം ഇന്ത്യയിൽ ജനിച്ചവയാണ്.

32 മാസം പ്രായമുള്ള കെ.ജെ.പി 21 സുരക്ഷിതമായ ചുറ്റുപാടിലാണ് അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഗർഭിണിയാണെന്ന് നിരീക്ഷണസംഘം കണ്ടെത്തിയതിനെ തുടർന്ന് ഏതാനും ദിവസം മുമ്പ് കെ.ജെ.പി 21നെ സുരക്ഷിത ചുറ്റുപാടിലേക്ക് മാറ്റിയിരുന്നു. കുഞ്ഞുങ്ങൾ ആരോഗ്യവാന്മാരാണെന്നാണ് അധികൃതർ അറിയിച്ചു.

കുനോയിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന മൂന്നാമത്തെ ഇന്ത്യയിൽ ജനിച്ച പെൺചീറ്റയാണ് കെ.ജെ.പി 21. മുഖിയും കെ.ജെ.പി 12മാണ് നേരത്തെ ഇന്ത്യയിൽ ജനിച്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ മറ്റ് രണ്ട് പെൺചീറ്റകൾ. കെ.ജെ.പി 12 രണ്ട് തവണ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിട്ടുണ്ട്.

കെ.ജെ.പി 21 നമീബിയയിൽനിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റകളുടെ സന്തതിയാണ്. നമീബിയൻ ചീറ്റകളായ പവൻ (ഒബാൻ) സിയയ (ജ്വാല) എന്നിവരുടെ മകളാണ് കെ.ജെ.പി 21.

ബോട്സ്വാനയിൽനിന്ന് ഇന്ത്യയിലെത്തിച്ച ആൺചീറ്റയാണ് പുതിയ അഞ്ച് കുഞ്ഞുങ്ങളുടെ പിതാവ്. അതിനാൽ തന്നെ ഇന്ത്യയിൽ ഇനി ചീറ്റകളുടെ ബോട്സ്വാനൻ വംശപരമ്പര കൂടിയുണ്ടാകും.

2022 സെപ്റ്റംബറിൽ എട്ട് നമീബിയൻ ചീറ്റകളെ എത്തിച്ചാണ് ഇന്ത്യയിൽ ചീറ്റകളെ പുനരധിവസിപ്പിക്കുന്നതിനായുള്ള പ്രൊജക്ട് ചീറ്റ പദ്ധതിക്ക് തുടക്കമായത്. തുടർന്ന് 2023 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽനിന്നും ചീറ്റകളെത്തിച്ചു. 2025 ഫെബ്രുവരിയിൽ ബോട്സ്വാനയിൽനിന്ന് ഒമ്പത് ചീറ്റകളെ കൂടി കുനോയിലെത്തിച്ചിരുന്നു.

പുതിയ അഞ്ച് കുഞ്ഞുങ്ങൾ പിറന്നതോടെ ഇന്ത്യയിലെ ആകെ ചീറ്റകളുടെ എണ്ണം 60 ആയി. ഇതിൽ 56 ചീറ്റകൾ കുനോ ദേശീയോദ്യാനത്തിലും നാല് മുതിർന്ന ചീറ്റകൾ മധ്യപ്രദേശിലെ ഗാന്ധിസാഗർ വന്യജീവി സങ്കേതത്തിലുമാണുള്ളത്. ഇന്ത്യയിൽ ജനിച്ച ചീറ്റകളുടെ എണ്ണം 41 ആയി.

കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവ് പുതിയ കുഞ്ഞുങ്ങളുടെ ജനനത്തെ പ്രോജക്ട് ചീറ്റയുടെ നിർണായക നാഴികക്കല്ലായി വിശേഷിപ്പിച്ചു. വെറ്ററിനറി ഡോക്ടർമാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, ഫീൽഡ് സ്റ്റാഫ്, കുനോ മാനേജ്മെന്റ് സംഘം എന്നിവരുടെ പ്രവർത്തനത്തെയും അദ്ദേഹം അഭിനന്ദിച്ചു.

Tags