കൊളത്തൂർ ഉപതെരഞ്ഞെടുപ്പ്: ടിവികെ സർക്കാരിന് അഗ്നിപരീക്ഷ; മണ്ഡലം തിരിച്ചുപിടിക്കാൻ സ്റ്റാലിൻ എത്തുമോ?

Kolathur by-election: TVK government faces a test; Will Stalin come to reclaim the constituency?

ചെന്നൈ: കൊളത്തൂർ എംഎൽഎ വി.എസ്. ബാബുവിന്റെ നിര്യാണത്തെ തുടർന്നുണ്ടാകുന്ന ഉപതെരഞ്ഞെടുപ്പ് തമിഴ്‌നാട്ടിലെ ടിവികെ (തമിഴക വെട്രി കഴകം) സർക്കാരിന് വലിയൊരു അഗ്നിപരീക്ഷയാകും. ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനെ പരാജയപ്പെടുത്തി ടിവികെ പിടിച്ചെടുത്ത മണ്ഡലത്തിൽ വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പ് വരുമ്പോൾ, മണ്ഡലം തിരിച്ചുപിടിക്കാൻ സ്റ്റാലിൻ തന്നെ മത്സരിക്കാൻ എത്തുമോ എന്നതാണ് തമിഴ്‌നാട് രാഷ്ട്രീയത്തിലെ പ്രധാന ആകാംക്ഷ.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 8,795 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വി.എസ്. ബാബു സ്റ്റാലിനെ അട്ടിമറിച്ചത്. ബാബു 82,997 വോട്ടുകൾ നേടിയപ്പോൾ 74,202 വോട്ടുകൾ മാത്രമാണ് സ്റ്റാലിന് നേടാനായത്. 2011 മുതൽ സ്റ്റാലിൻ തുടർച്ചയായി പ്രതിനിധീകരിച്ചിരുന്ന മണ്ഡലം തിരിച്ചുപിടിക്കുക എന്നത് ഡിഎംകെയ്ക്കും അഭിമാനപ്രശ്നമാണ്.

ഡിഎംകെയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച വി.എസ്. ബാബു, നോർത്ത് ചെന്നൈയിൽ പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായിരുന്നു. 2011-ൽ കൊളത്തൂരിൽ സ്റ്റാലിൻ ആദ്യമായി മത്സരിക്കുമ്പോൾ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രധാനിയും അദ്ദേഹമായിരുന്നു. പിന്നീട് 2016-ൽ ഡിഎംകെ വിട്ട് എഐഎഡിഎംകെയിൽ ചേർന്ന ബാബു, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് വിജയ് നേതൃത്വം നൽകുന്ന ടിവികെയിൽ എത്തിയത്.

Tags