പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലഹരി നൽകി ബോധം കെടുത്തി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി


മൊറാദാബാദ്: ഉത്തർപ്രദേശിലെ മൊറാദാബാദിൽ 14 കാരിയെ തട്ടിക്കൊണ്ടുപോയി ലഹരി നൽകി ബോധം കെടുത്തി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി.ജനുവരി 2 നാണ് ക്രൂരമായ സംഭവം നടന്നത്. സൽമാൻ, ആരിഫ്, സുബൈർ, റാഷിദ്, ആരിഫ് എന്നീ നാലുപേർ ചേർന്നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ക്രൂരത കാട്ടിയത്. ഇവർക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്ട്രർ ചെയ്തെന്നും പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്തെന്നും പൊലീസ് പറഞ്ഞു.
തയ്യൽകടയിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നു. കാറിൽ കയറ്റിയ ശേഷം പെൺകുട്ടിക്ക് ബലമായി ലഹരി നൽകി ബോധം കെടുത്തി. കുട്ടി കയ്യിൽ പച്ച കുത്തിയിരുന്നു. ഇത് ആസിഡ് ഉപയോഗിച്ച് കരിച്ച് കളഞ്ഞു. ശേഷം ഒരു മുറിയിൽ അടച്ചിട്ട് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. പീഡന വിവരം പുറത്തു പറഞ്ഞാൽ കുടുംബത്തെയടക്കം കൊന്നു കളയുമെന്ന് പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി.
പിന്നീട് പ്രതികൾ കുട്ടിയെ ഭോജ്പൂരിലേക്ക് കൊണ്ടുപോവുകയും മറ്റൊരിടത്ത് പൂട്ടിയിടുകയും ചെയ്തു. പെൺകുട്ടി സാഹസികമായി അവിടെ നിന്ന് രക്ഷപ്പെട്ട് ബന്ധുവിൻറെ വീട്ടിലെത്തുകയായിരുന്നു. പൊലീസിൽ പരാതി നൽകിയ പെൺകുട്ടിയുടെ ബന്ധുക്കളെ പ്രതികൾ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
