ചോദ്യപേപ്പർ ചോർച്ച : വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം; ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കെ.സി വേണുഗോപാൽ
ന്യൂഡൽഹി : രാജ്യത്തെ മത്സരപരീക്ഷകളിൽ വ്യാപകമായി നടന്ന ചോദ്യപേപ്പർ ചോർച്ചയും അതുമായി ബന്ധപ്പെട്ട ഗുരുതര വീഴ്ചകളും അതിനെതിരായ നടപടിയില്ലായ്മയും ലോക്‌സഭയിൽ അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറിയും എം.പിയുമായ കെ.സി. വേണുഗോപാൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി.
NEET ഉൾപ്പെടെ വിവിധ ദേശീയ മത്സരപരീക്ഷകളിലായി 152 ചോദ്യപേപ്പർ ചോർച്ചകൾ റിപ്പോർട്ട് ചെയ്തിട്ടും കുറ്റക്കാർക്കെതിരെ ഫലപ്രദമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരീക്ഷാ ക്രമക്കേടുകൾ മൂലം നിരവധി വിദ്യാർത്ഥികൾ ആത്മഹത്യയിലേക്ക് തള്ളിവിടപ്പെട്ട സാഹചര്യത്തിലും കേന്ദ്ര സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാകാത്തത് അത്യന്തം പ്രതിഷേധാർഹമാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.
പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത തകർന്ന സാഹചര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ലോക്‌സഭയിൽ വിശദീകരണം നൽകുകയും ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പോലീസ് നടത്തിയ ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും അപലപിച്ച കെ.സി. വേണുഗോപാൽ, എല്ലാ ചോദ്യപേപ്പർ ചോർച്ച കേസുകളിലും സമയബന്ധിത അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
.jpg)

