കാര്‍ത്തിക ദീപം: മധുരയില്‍ നിരോധനാജ്ഞ, തിരുപ്പരന്‍കുന്‍ട്രം മലയില്‍ പൊതുജനങ്ങള്‍ക്ക് വിലക്ക്

thiruparankundram

തിങ്കളാഴ്ച രാത്രി ഒമ്പതുമണിമുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നു.

മധുര തിരുപ്പരന്‍കുന്‍ട്രം ദീപം തെളിയിക്കല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മധുരയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍. തിരുപ്പരന്‍കുന്‍ട്രം മലയില്‍ പൊതുജനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ചൊവ്വാഴ്ചത്തെ കാര്‍ത്തിക ദീപത്തിനു മുന്നോടിയായാണ് നിയന്ത്രണം. തിങ്കളാഴ്ച രാത്രി ഒമ്പതുമണിമുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ബുധനാഴ്ച രാവിലെ 10 വരെ നിയന്ത്രണങ്ങള്‍ നീളും. ദീപം തെളിയിക്കലിനെ പിന്തുണച്ചും എതിര്‍ത്തും വലിയ തോതില്‍ ആളുകള്‍ എത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയത്. തിരുപ്പരന്‍കുന്‍ട്രം മലയില്‍ ഡ്രോണ്‍ പറത്തുന്നതിന് മധുര സിറ്റി പൊലീസ് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

അതേസമയം തിരുപ്പരന്‍കുന്‍ട്രം മലയില്‍ ദര്‍ഗയോട് ചേര്‍ന്ന മലയില്‍ ചൊവ്വാഴ്ച ദീപം തെളിയിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനുവദിക്കില്ലെന്നാണ് സൂചന. മതസൗഹാര്‍ദം തകര്‍ക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് മന്ത്രി അരുണ്‍ രാജ് അറിയിച്ചു. ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കാന്‍ അനുമതി നല്‍കിയ സുപ്രീം കോടതി ഉത്തരവിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. 24ന് ഒറ്റത്തവണത്തേക്ക് മാത്രം ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളോടുകൂടിയ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്താണ് തമിഴ്നാട് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ്‌സ് കമ്മീഷണര്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ റിവ്യൂ ഹര്‍ജി സുപ്രീം കോടതി പരിഗണനയ്ക്ക് എടുക്കാത്ത സാഹചര്യത്തില്‍, മുഖ്യമന്ത്രി സി ജോസഫ് വിജയ് ഡിജിപി, അഡ്വക്കേറ്റ് ജനറല്‍, മുതിര്‍ന്ന മന്ത്രിമാര്‍ എന്നിവരുമായി അടിയന്തര ചര്‍ച്ച നടത്തി.

മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിലെ ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്റെ നിര്‍ദേശപ്രകാരം 2025 ഡിസംബര്‍ മൂന്നിന് ദീപത്തൂണില്‍ ദീപം തെളിയിക്കാന്‍ അന്നത്തെ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാര്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചിരുന്നു. മറ്റൊരു ക്ഷേത്രത്തില്‍ മാത്രമാണ് കാര്‍ത്തിക ദീപം തെളിയിക്കുന്നതെന്നും ദര്‍ഗയ്ക്ക് വളരെ അടുത്തായി സ്ഥിതി ചെയ്യുന്ന ദീപത്തൂണില്‍ വിളക്ക് തെളിയിക്കുന്നത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുമെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. ജസ്റ്റിസ് സ്വാമിനാഥന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചെങ്കിലും സുപ്രീം കോടതി സ്റ്റേ ചെയ്യുകയായിരുന്നു. എന്നാല്‍ കര്‍ശന നിയന്ത്രണങ്ങളോടെ ഒറ്റത്തവണത്തേക്കുള്ള നടപടിയായി ദീപത്തൂണില്‍ വിളക്ക് തെളിയിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കുകയായിരുന്നു.

Tags