ബെംഗളൂരു അപകടത്തിൽ ബിസിസിഐയും ആർസിബിയും കുറ്റക്കാരെന്ന് കർണാടക സർക്കാർ

RCB announces financial assistance to families of Bengaluru stampede victims
RCB announces financial assistance to families of Bengaluru stampede victims

ബെംഗളൂരു: ആർസിബിയുടെ വിജയത്തെ തുടർന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തിൽ ബിസിസിഐയ്ക്കും റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനും എതിരെ കർണാടക സർക്കാർ. തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ ബിസിസിഐയ്ക്കും ആർസിബിക്കും ഉത്തരവാദിത്തമുണ്ടെന്നാണ് കർണാടക സർക്കാർ ഹൈക്കോടതിയിൽ വാദിച്ചത്.

tRootC1469263">

അതേസമയം കരാർ പ്രകാരമുള്ള കാര്യങ്ങൾ ബിസിസിഐ പാലിച്ചില്ലെന്നും കർണാടക സർക്കാർ കുറ്റപ്പെടുത്തി. അനുമോദന പരിപാടിക്ക് അനുമതി തേടിയിട്ടില്ലെന്നും സംഘാടകർ സോഷ്യൽ മീഡിയ വഴി ‘ലോകത്തെ മുഴുവൻ ക്ഷണിച്ചു’ എന്നും ഹൈക്കോടതിയിൽ കർണാടക സർക്കാർ ആരോപിച്ചു.

കുറഞ്ഞ സമയത്തിനുള്ളിൽ പരിപാടി സംഘടിപ്പിച്ചു. എക്സ് പോസ്റ്റ് ഇടുന്നതിന് മുൻപ് ആർസിബിയും കർണാടക ക്രിക്കറ്റ് അസോസിയേഷനും (കെസിഎ) അനുമതി തേടിയില്ല. മുഴുവൻ പരിപാടിയും നിയമവിരുദ്ധമാണെന്നും കോടതിയെ സർക്കാർ അറിയിച്ചു. പരിപാടിയുടെ സുരക്ഷ, ഗേറ്റ്, ടിക്കറ്റ് മാനേജ്മെന്റ് എന്നിവയുമായി ബന്ധപ്പെട്ട് ആർ‌സി‌ബിയും ബി‌സി‌സി‌ഐയും തമ്മിൽ ഒരു കരാറുണ്ടായിരുന്നുവെന്നും സർക്കാർ പറഞ്ഞു.

സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ ശശികിരൺ ഷെട്ടിയാണ് കോടതിയെ ഇക്കാര്യങ്ങൾ അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റുകളുടെ നിയമസാധുത ചോദ്യം ചെയ്ത് ആർ‌സി‌ബിയുടെ മാർക്കറ്റിംഗ് മേധാവി നിഖിൽ സൊസാലെ ഉൾപ്പെടെ നാല് വ്യക്തികൾ സമർപ്പിച്ച ഹർജികൾ വീണ്ടും പരിഗണിക്കവെയായിരുന്നു പരാമർശം. ജസ്റ്റിസ് എസ് ആർ കൃഷ്ണ കുമാറിന്റെ സിംഗിൾ ജഡ്ജി ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Tags