എല്ലാ സർക്കാർ സ്കൂളുകളിലും കന്നഡയ്ക്കൊപ്പം ഇംഗ്ലീഷ് മീഡിയം പഠനവും ലഭ്യമാക്കാൻ കർണാടക സർക്കാർ
ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ സർക്കാർ സ്കൂളുകളിലും 2027–28 അധ്യയന വർഷം മുതൽ കന്നഡയ്ക്കൊപ്പം ഇംഗ്ലീഷ് മീഡിയം പഠനവും ലഭ്യമാക്കാൻ കർണാടക സർക്കാർ. സ്വകാര്യ സ്കൂളുകളിലേക്കുള്ള കൊഴിഞ്ഞുപോക്ക് തടയാനും സർക്കാർ സ്കൂളുകളിലെ വിദ്യാർഥികളുടെ എണ്ണം വർധിപ്പിക്കാനുമാണ് ഈ നീക്കമെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ അറിയിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്കും മികച്ച ഇംഗ്ലീഷ് വിദ്യാഭ്യാസം സൗജന്യമായി ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നിലവിലുള്ള കന്നഡ മീഡിയം ക്ലാസുകൾ നിർത്തലാക്കില്ലെന്നും, കന്നഡയുടെ പ്രാധാന്യം നിലനിർത്തിക്കൊണ്ട് തന്നെ പഠനമാധ്യമം തിരഞ്ഞെടുക്കാനുള്ള അവസരം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നൽകുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
2019–20 അധ്യയന വർഷത്തിൽ 6,539 സ്കൂളുകളിലാണ് കർണാടകയിൽ ആദ്യമായി ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ പരീക്ഷിച്ചത്. തുടർന്ന് 2024–25-ൽ രണ്ടായിരത്തോളം സ്കൂളുകളിലേക്കും 2025–26-ൽ 4,134 സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിച്ചിരുന്നു. ഇതിന്റെ വിജയകരമായ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതി സംസ്ഥാനത്തുടനീളം നടപ്പാക്കാൻ തീരുമാനിച്ചത്.
പദ്ധതിക്കായി 10,000 പുതിയ അധ്യാപകരെ നിയമിക്കാനും ബ്രിട്ടീഷ് കൗൺസിലിന്റെ സഹകരണത്തോടെ അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകാനും വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നുണ്ട്. നിലവിലെ ദ്വിഭാഷാ സ്കൂളുകളുടെ പ്രവർത്തനം വിലയിരുത്തി അധ്യാപകരുടെ ഇംഗ്ലീഷ് പ്രാവീണ്യം ഉറപ്പാക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുമ്പോഴും, സർക്കാർ സ്കൂളുകളിലെ ഈ മാറ്റം സ്വകാര്യ സ്കൂളുകളെ ആശ്രയിക്കേണ്ടിവരുന്ന സാധാരണക്കാരായ കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത വലിയൊരളവിൽ കുറയ്ക്കുമെന്നാണ് പ്രതീക്ഷ.
.jpg)

