കർണാടക കൗൺസിൽ തിരഞ്ഞെടുപ്പ്: കോൺഗ്രസിന് കനത്ത തിരിച്ചടി; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി

Karnataka Council Elections: Congress suffers major setback; BJP slams Rahul Gandhi

ബെംഗളൂരു: കർണാടക ലെജിസ്‌ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച നാല് സീറ്റിലും കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടതോടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. ബാലറ്റ് പേപ്പറായാലും ഇവിഎം മെഷീനുകളായാലും കോൺഗ്രസ് തോൽക്കുമെന്നും രാഹുൽ ഗാന്ധി വലിയ പരാജയമാണെന്നും ബിജെപി നേതാവ് സുധാൻഷു ത്രിവേദി ആരോപിച്ചു.

ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ കഠിനാധ്വാനം ചെയ്യണമെന്നും വെറുതെ വിദേശയാത്രകൾ നടത്തിയത് കൊണ്ട് മാത്രം കാര്യമായില്ലെന്നും അദ്ദേഹം പരിഹസിച്ചു. ജോലിയിലെ മടി ഉപേക്ഷിച്ചാൽ ഇവിഎം, കള്ളവോട്ട് ആരോപണങ്ങൾ ഇല്ലാതാകുമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടെടുപ്പ് നടന്ന നാല് സീറ്റുകളിൽ മൂന്നെണ്ണത്തിൽ ബിജെപിയും ഒരെണ്ണത്തിൽ സഖ്യകക്ഷിയായ ജനതാദൾ (സെക്യുലർ) സ്ഥാനാർഥിയുമാണ് വിജയിച്ചത്.

ഒക്ടോബർ 23-നാണ് ബാലറ്റ് പേപ്പർ ഉപയോഗിച്ച് നാല് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടന്നത്. വിജയിച്ചതിന് പിന്നാലെ ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരിയും കോൺഗ്രസിനെതിരെ രംഗത്തെത്തി. ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പിലും കോൺഗ്രസ് പരാജയപ്പെട്ടത് ഇവിഎമ്മിനെതിരെയുള്ള അവരുടെ വാദങ്ങളുടെ മുനയൊടിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags