കടുത്ത പ്രതിസന്ധി: അടിയന്തിര മന്ത്രിസഭാ യോഗം വിളിച്ച് കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാര്‍

DK Sivakumar

നിലവില്‍ സംസ്ഥാനത്തെ ജലാശയങ്ങളിലുള്ള വെള്ളം പൂര്‍ണ്ണമായും കുടിവെള്ള ആവശ്യങ്ങള്‍ക്കായി മാത്രമായി മാറ്റിവെച്ചിരിക്കുകയാണെന്ന് ശിവകുമാര്‍ വ്യക്തമാക്കി

കര്‍ണാടകയില്‍ വരള്‍ച്ചാ സാഹചര്യം കടുത്തതിനെ തുടര്‍ന്ന് ജൂലൈ 20-ന് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചതായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ അറിയിച്ചു. സംസ്ഥാനത്തെ വരുംദിവസങ്ങളിലെ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങളും, ദുരിതം കാരണം ആളുകള്‍ മറ്റ് പ്രദേശങ്ങളിലേക്ക് പലായനം ചെയ്യുന്ന സാഹചര്യവും യോഗത്തില്‍ വിലയിരുത്തും. തിങ്കളാഴ്ച രാവിലെ എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍, ജില്ലാ പഞ്ചായത്ത് സി.ഇ.ഒമാര്‍ എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും മന്ത്രിസഭ അന്തിമ തീരുമാനങ്ങള്‍ കൈക്കൊള്ളുക.

നിലവില്‍ സംസ്ഥാനത്തെ ജലാശയങ്ങളിലുള്ള വെള്ളം പൂര്‍ണ്ണമായും കുടിവെള്ള ആവശ്യങ്ങള്‍ക്കായി മാത്രമായി മാറ്റിവെച്ചിരിക്കുകയാണെന്ന് ശിവകുമാര്‍ വ്യക്തമാക്കി. ഡാമുകളില്‍ ആവശ്യത്തിന് വെള്ളം എത്തുന്നതുവരെ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി വെള്ളം തുറന്നുവിടില്ല. കൃഷിക്ക് വെള്ളം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍ വിത്തുപാകരുതെന്നും, വെള്ളത്തിനായി സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ മാത്രമേ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വെള്ളം നല്‍കുന്ന കാര്യം ആലോചിക്കൂ.

കാവേരി നദീജലം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് അയല്‍സംസ്ഥാനമായ തമിഴ്നാട്ടില്‍ നിന്നും, തുംഗഭദ്ര ജലത്തിനായി മറ്റ് ഭാഗങ്ങളില്‍ നിന്നും കടുത്ത സമ്മര്‍ദ്ദമുണ്ട്. പാര്‍ലമെന്റ് സമ്മേളനത്തില്‍ തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ കാവേരി വിഷയം ഉന്നയിക്കാന്‍ പദ്ധതിയിടുന്ന സാഹചര്യത്തില്‍, ദില്ലി സന്ദര്‍ശിച്ച് കര്‍ണാടകയില്‍ നിന്നുള്ള എംപിമാരോട് സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ സാഹചര്യം സഭയില്‍ ഉന്നയിക്കാന്‍ ആവശ്യപ്പെടുമെന്നും ഡി.കെ. ശിവകുമാര്‍ വ്യക്തമാക്കി

Tags