കർണാടകയിൽ ഥാർ ഓട്ടോറിക്ഷയിലിടിച്ച് അപകടം ; ആറ് കർഷകത്തൊഴിലാളികൾ മരിച്ചു

accident-alappuzha

 കർണാടകയിലെ ചിക്കബെല്ലാപുർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ ആറ് കർഷകത്തൊഴിലാളികൾ മരിച്ചു. അമിതവേഗതയിൽ വന്ന മഹീന്ദ്ര ഥാർ ഓട്ടോറിക്ഷയുടെ പിന്നിൽ ഇടിച്ചതിനെത്തുടർന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു.

ഓട്ടോറിക്ഷാ ഡ്രൈവർ ബി.കെ. അഞ്ജിനപ്പ (35), യാത്രക്കാരായ എൻ. ഉമാദേവി (55), ബി.ആർ. വിജയ (40), കെ.എൻ. ലക്ഷ്മമ്മ (50), ആർ. സരോജമ്മ (65), ബി.എസ്. അരുണമ്മ (48) എന്നിവരാണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ. അപകടത്തിൽ പരിക്കേറ്റ ആർ. ഗംഗാദേവി, എൻ.ബി. ലക്ഷ്മിദേവി, ബി.കെ. രത്‌നമ്മ എന്നിവരെ ബാഗേപള്ളി താലൂക്ക് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. ഥാർ വാഹനത്തിന്റെ ഡ്രൈവർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ ബാഗേപള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മഹീന്ദ്ര ഥാർ അമിതവേഗതയിലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ചിക്കബെല്ലാപുർ എസ്.പി. കുശാൽ ചൗക്സെ പറഞ്ഞു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags