ഡിഎംകെയ്ക്കെതിരായ ശപഥം പിൻവലിച്ച് കെ അണ്ണാമലൈ

k annamalai
k annamalai

ചെന്നൈ: ഡിഎംകെയ്ക്കെതിരായ ശപഥം പിൻവലിച്ച് തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ അണ്ണാമലൈ. ബിജെപിയുടെ പുതിയ അധ്യക്ഷൻ ചുമതലയേൽക്കുന്ന ചടങ്ങിൽ ആണ് അണ്ണാമലൈ വീണ്ടും ചെരുപ്പ് ധരിച്ചത്. ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ നൈനാർ നാഗേന്ദ്രന്റെ അഭ്യർത്ഥനയെ തുടർന്നാണ് തന്റെ ശപഥത്തിൽ നിന്ന് പിന്മാറിയതെന്നാണ് അണ്ണാമലൈയുടെ പ്രതികരണം. ഡിഎംകെയെ അധികാരത്തിൽ നിന്ന് ഇറക്കാതെ ചെരുപ്പ് ധരിക്കില്ലെന്ന് അണ്ണാമലൈ പ്രതിജ്ഞ എടുത്തിരുന്നു.

കേന്ദ്ര മന്ത്രിമാരായ ജി കിഷൻ റെഡ്ഢി, ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്, മുൻ സംസ്ഥാന അധ്യക്ഷന്മാർ ഉൾപ്പടെ വൻ നേതൃനിരയുടെ സാന്നിധ്യത്തിലാണ് നൈനാർ നാഗേന്ദ്രൻ അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. വേദിയിലെത്തിയ അണ്ണാമലൈക്ക് വൻ കരഘോഷം ആണ് ലഭിച്ചത്. ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് ദേശീയ കൗസിലിൽ ഇടം പിടിച്ച അണ്ണാമലൈ ആഹ്വാനം ചെയ്തു. വരുന്ന തിരഞ്ഞെടുപ്പിൽ ഡിഎംകെ തുരത്തി എൻഡിഎ അധികാരം പിടിക്കുമെന്നും പ്രവർത്തകർ ബൂത്ത് പ്രവർത്തനത്തിൽ ശ്രദ്ധിക്കണമെന്നും അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ പറഞ്ഞു.

Tags