ശ്വാസകോശാരോഗ്യം അതീവ പ്രാധാന്യത്തോടെ കാണേണ്ടതാണ് ; ജെ.പി. നദ്ദ

JP Nadda

 ശ്വാസകോശാരോഗ്യം അതീവ പ്രാധാന്യത്തോടെ കാണേണ്ടതാണെന്നും, ക്ഷയരോഗ (ടി.ബി.) നിർണ്ണയ സംവിധാനങ്ങളിൽ ഇന്ത്യ കൈവരിച്ച പുരോഗതിയും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ ജനീവയിൽ നടന്ന 79-ാമത് ലോകാരോഗ്യ അസംബ്ലിയിൽ പങ്കുവെച്ചു. ടി.ബി. രോഗനിർണ്ണയം നേരത്തെയാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം, ഇന്ത്യയുടെ ദേശീയ ക്ഷയരോഗ നിർമ്മാർജ്ജന പരിപാടിയും ‘ടിബി-മുക്ത് ഭാരത്’ ക്യാമ്പയ്‌നും ലോകത്തിലെ ഏറ്റവും വലിയ രോഗനിർണ്ണയ പരിശ്രമങ്ങളാണെന്ന് വ്യക്തമാക്കി. വീടുതോറുമുള്ള ബോധവൽക്കരണം, മൊബൈൽ സ്‌ക്രീനിങ്, കമ്മ്യൂണിറ്റി ക്യാമ്പയ്‌നുകൾ എന്നിവയിലൂടെ ദുർബല വിഭാഗങ്ങൾക്കിടയിൽ രോഗികളെ നേരത്തെ കണ്ടെത്താൻ ഇന്ത്യ ശ്രമിക്കുന്നു.

ആധുനിക രോഗനിർണ്ണയ രീതികൾ ഇന്ത്യ വ്യാപകമാക്കിയതായും അദ്ദേഹം പറഞ്ഞു. വിദൂര പ്രദേശങ്ങളിൽ സേവനം വേഗത്തിലാക്കാൻ മോളിക്യുലാർ ടെസ്റ്റിംഗ് പ്ലാറ്റ്‌ഫോമുകൾ, ഡിജിറ്റൽ ചെസ്റ്റ് എക്സ്-റേ, എഐ അധിഷ്ഠിത സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിക്കുന്നുണ്ട്. രോഗവിവരങ്ങൾ ലഭ്യമാക്കാൻ ‘ഖുഷി’ എന്ന എഐ ചാറ്റ്ബോട്ട് ഉൾക്കൊള്ളുന്ന ‘ടിബി മുക്ത് ഭാരത്’ ആപ്പും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.

ക്ഷയരോഗം മൈകോബാക്ടീരിയം ട്യൂബർകുലോസിസ് ബാക്ടീരിയ മൂലമുണ്ടാകുന്ന മാരകമായ പകർച്ചവ്യാധിയാണ്. ശ്വാസകോശത്തെ ബാധിക്കുന്ന ‘പൾമണറി ട്യൂബർകുലോസിസും’ മറ്റ് അവയവങ്ങളെ ബാധിക്കുന്ന ‘എക്‌സ്ട്രാ പൾമണറി ട്യൂബർകുലോസിസു’മാണ് പ്രധാന തരം. വായുവിലൂടെ പകരുന്ന ഈ രോഗം, പ്രതിരോധശേഷി കുറയുന്ന മുറയ്ക്ക് ബാക്ടീരിയ ശരീരത്തിൽ സജീവമാകുകയും രോഗലക്ഷണങ്ങൾ പ്രകടമാവുകയും ചെയ്യുന്നു. രോഗം ബാധിച്ച ഒരാളിൽ നിന്ന് വർഷത്തിൽ 10-15 ആളുകളിലേക്ക് രോഗം പകരാൻ സാധ്യതയുള്ളതിനാൽ നേരത്തെയുള്ള കണ്ടെത്തലും ചികിത്സയും അത്യന്താപേക്ഷിതമാണ്.

Tags