മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസ് : മൂന്ന് പേര്‍ അറസ്റ്റില്‍

arrest1
arrest1

ഛത്തീസ്ഗഢ്: മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ബന്ധുവടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. 28 കാരനായ മാധ്യമപ്രവര്‍ത്തകന്‍ മുകേഷ് ചന്ദ്രാകറിനെ കൊലപ്പെടുത്തിയ കേസിലാണ് മുകേഷിന്റെ ബന്ധു റിതേഷ് ചന്ദ്രാകറും ഉള്‍പ്പെട്ടത്. ബസ്തര്‍ മേഖലയിലെ ഗംഗളൂര്‍ മുതല്‍ ഹിരോളി വരെയുള്ള 120 കോടി രൂപയുടെ റോഡ് നിര്‍മ്മാണ പദ്ധതിയിലെ അഴിമതി രേഖകള്‍ മുകേഷ് അടുത്തിടെ പുറത്തുകൊണ്ടുവന്നിരുന്നു.

പ്രാരംഭ ടെന്‍ഡര്‍ 50 കോടി രൂപയായിരുന്ന പദ്ധതി,120 കോടി രൂപയായി ഉയര്‍ന്നു. കരാറുകാരന്‍ സുരേഷ് ചന്ദ്രാകറാണ് പദ്ധതി കൈകാര്യം ചെയ്തത്. മുകേഷ് നല്‍കിയ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ, സംഭവം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധ നേടുകയും ചെയ്തു.

സുരേഷ് ചന്ദ്രാകറും സഹോദരനായ റിതേഷും ജനുവരി ഒന്നിന് രാത്രി മുകേഷുമായി കൂടിക്കാഴ്ച നടക്കുകയും തുടര്‍ന്ന് മുകേഷിന്റെ ഫോണ്‍ സ്വിച്ച് ഓഫാകുകയും ചെയ്തു.

പിന്നീട് മുകേഷിനെ കുറിച്ച് ഒരു വിവരവും ഉണ്ടായില്ലെന്ന് സഹോദരന്‍ യുകേഷ് ചന്ദ്രാകര്‍ പറയുന്നു. രണ്ട് ദിവസത്തിന് ശേഷം മുകേഷിന്റെ മൃതദേഹം ചാത്തന്‍പാറയിലെ സുരേഷിന്റെ ഉടമസ്ഥതയിലുള്ള വസ്തുവിലെ സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തി. റിതേഷ് ഉള്‍പ്പെടെ മൂന്ന് പ്രതികളെയും മറ്റൊരു കുടുംബാംഗമായ ദിനേശിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍കരാറുകാരന്‍ സുരേഷ് ഒളിവിലാണ്.

2012ല്‍ തന്റെ പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ച മുകേഷ് പിന്നീട് 1.59 ലക്ഷത്തിലധികം വരിക്കാരുള്ള ബസ്തര്‍ ജംഗ്ഷന്‍ എന്ന യൂട്യൂബ് ചാനല്‍ ആരംഭിച്ചു. ബിജാപൂരിലെ ബസഗുഡ ഗ്രാമവാസിയായ അദ്ദേഹം പ്രാദേശിക വിഷയങ്ങളില്‍ നിര്‍ഭയമായ റിപ്പോര്‍ട്ടിംഗിലൂടെ പ്രശസ്തനായിരുന്നു. കേസില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

Tags