ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് വൈകുന്നതില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥി സംഘടനകള്‍

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് വൈകുന്നതില്‍ പ്രതിഷേധം ശക്തമാക്കി വിദ്യാര്‍ത്ഥി സംഘടനകള്‍. നാല് വര്‍ഷമായി മുടങ്ങി കിടക്കുന്ന തെരഞ്ഞെടുപ്പ് ഈ വര്‍ഷവും നടത്താതിരിക്കാനുള്ള നീക്കമാണ് അധികൃതര്‍ നടത്തുന്നതെന്നാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ ആരോപണം. തിങ്കളാഴ്ച ക്യാമ്പസില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
ജെഎന്‍യുവിലെ ഒരോ തെരഞ്ഞെടുപ്പും ദേശീയ മാധ്യമങ്ങളിലടക്കം വലിയ പ്രാധാന്യം നേടുന്നത് പതിവാണ്. വിദ്യാര്‍ത്ഥികള്‍ തന്നെ നേരിട്ട് നടത്തുന്ന തെരഞ്ഞെടുപ്പ് രാജ്യത്തെ ക്യാമ്പസുകളിലെ വലിയ ആഘോഷങ്ങളില്‍ ഒന്നാണ്. 2019 ലാണ് ജെഎന്‍യുവില്‍ അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്. പിന്നീട് കൊവിഡിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ വന്നതോടെ ക്യാമ്പസില്‍ തെരഞ്ഞെടുപ്പ് നടന്നില്ല. കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പ് നടത്താനുള്ള ചര്‍ച്ചകള്‍ നടന്നെങ്കിലും പ്രവേശന നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ നടത്തിയില്ല. ഈ അധ്യയനവര്‍ഷ തെരഞ്ഞെടുപ്പ് നടത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വിദ്യാര്‍ത്ഥികളെ അറിയിച്ചിരുന്നു. യുജി പിജി പ്രവേശന നടപടികള്‍ പൂര്‍ത്തിയായതോടെ ഈക്കാര്യം വിദ്യാര്‍ത്ഥി സംഘടനകള്‍ ഉന്നയിച്ചു. എന്നാല്‍ പിഎച്ച്ഡി പ്രവേശനം കൂടി കഴിഞ്ഞുമതി തെരഞ്ഞെടുപ്പെന്നാണ് സര്‍വകലാശാലയുടെ നിലപാടെന്ന് വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ പറയുന്നു. തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് സമരത്തിലേക്ക് നീങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍.