'ജന്തര്‍ മന്തര്‍ സീസണ്‍ 2' ഉടന്‍ ആരംഭിക്കുമെന്ന് അഭിജിത്ത് ദീപ്‌കെ

Police officers stop people coming to meet him; Cockroach Janata Party founder Abhijeet Deepke lashes out at officers deployed for his security at his house in Sambhajinagar

ഡല്‍ഹിയിലെ നാരൈനയില്‍ നടത്താനിരുന്ന സിജെപി പ്രവര്‍ത്തകരുടെ യോഗം അവസാന നിമിഷം റദ്ദാക്കേണ്ടി വന്നതിന് പിന്നാലെയാണ് ദീപ്‌കെ ഈ പ്രഖ്യാപനം നടത്തിയത്

ജന്തര്‍ മന്തറിലെ ഒന്നാം ഘട്ട പ്രതിഷേധങ്ങള്‍ അവസാനിച്ചതിന് പിന്നാലെ, പുതിയ പ്രക്ഷോഭ പരിപാടികളുമായി വീണ്ടും തെരുവിലേക്കിറങ്ങാന്‍ ഒരുങ്ങി കോക്ക്റോച്ച് ജനതാ പാര്‍ട്ടി. 'ജന്തര്‍ മന്തര്‍ സീസണ്‍ 2' ഉടന്‍ ആരംഭിക്കുമെന്ന് പാര്‍ട്ടി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ പ്രഖ്യാപിച്ചു. ഡല്‍ഹിയിലെ നാരൈനയില്‍ നടത്താനിരുന്ന സിജെപി പ്രവര്‍ത്തകരുടെ യോഗം അവസാന നിമിഷം റദ്ദാക്കേണ്ടി വന്നതിന് പിന്നാലെയാണ് ദീപ്‌കെ ഈ പ്രഖ്യാപനം നടത്തിയത്. ഭരണകക്ഷിയായ ബിജെപിയുടെ കടുത്ത സമ്മര്‍ദ്ദവും ഭീഷണിയും മൂലമാണ് ബാങ്കറ്റ് ഹാള്‍ ഉടമ ബുക്കിംഗ് റദ്ദാക്കിയതെന്ന് ദീപ്‌കെ ആരോപിച്ചു.

പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ, അടുത്ത ഘട്ട സമരം എന്നാണ് ആരംഭിക്കുകയെന്ന് സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം ചോദ്യങ്ങള്‍ ഉയരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'ജന്തര്‍ മന്തറിന്റെ രണ്ടാം സീസണ്‍ എപ്പോള്‍ തുടങ്ങുമെന്ന ചോദ്യങ്ങള്‍ക്ക് എനിക്ക് നല്‍കാനുള്ള മറുപടി, അത് വളരെ വേഗം തന്നെ ഉണ്ടാകും എന്നാണ്' - ദീപ്‌കെ വ്യക്തമാക്കി. പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിനായി ഹാള്‍ ബുക്ക് ചെയ്തിരുന്നുവെങ്കിലും, ഭാരവാഹികള്‍ അവിടെയെത്തിയപ്പോള്‍ പ്രവേശനം നിഷേധിക്കുകയായിരുന്നുവെന്ന് ദീപ്‌കെ പറഞ്ഞു.

ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നും സമ്മര്‍ദ്ദമുള്ളതിനാല്‍ യോഗം അനുവദിക്കാന്‍ കഴിയില്ലെന്നാണ് സംഘാടകരോട് വ്യക്തമാക്കിയത്. പ്രദേശത്തെ മറ്റ് വേദികളും സമാനമായ കാരണങ്ങള്‍ പറഞ്ഞ് ഇടം നല്‍കാന്‍ വിസമ്മതിച്ചു. ഒടുവില്‍ യോഗത്തിനായി ഉറപ്പിച്ച വേദിയുടെ ഉടമകള്‍ക്ക് പരിപാടിയുടെ അന്ന് രാവിലെ കടുത്ത ഭീഷണി സന്ദേശം ലഭിച്ചതായി അദ്ദേഹം ആരോപിച്ചു. സിജെപിയുടെ യോഗം നടത്താന്‍ അനുവദിച്ചാല്‍ ഹാള്‍ ഉടമകളെ 'തലകീഴായി കെട്ടിത്തൂക്കും' എന്ന രീതിയിലാണ് ഭീഷണിപ്പെടുത്തിയതെന്ന് ദീപ്‌കെ കൂട്ടിച്ചേര്‍ത്തു.
ഈ നീക്കങ്ങള്‍ക്ക് പിന്നില്‍ ബിജെപിയാണെന്നും, എന്നാല്‍ ഇത്തരം തടസങ്ങള്‍ കൊണ്ട് തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഭയപ്പെടുത്തി നിര്‍ത്തിക്കാന്‍ കഴിയില്ലെന്നും സിജെപി മുന്നറിയിപ്പ് നല്‍കി. 'രാജ്യത്തെ യുവാക്കളുടെ സംഘടിത ശക്തിയെ ബിജെപി എത്രത്തോളം ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് ഈ അനുഭവങ്ങള്‍. ഭീഷണിപ്പെടുത്തുന്തോറും ഞങ്ങളുടെ വീര്യം കൂടുകയേയുള്ളൂ' - ദീപ്‌കെ പറഞ്ഞു. ഉയര്‍ന്നു വന്ന ആരോപണങ്ങളോട് ബിജെപി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല

Tags