' ജന്തർ മന്തറിൽ സംഘർഷത്തിന് ശ്രമിക്കുന്നത് സമരക്കാരല്ല, പുറത്തു നിന്നുളള ആളുകൾ' : അഭിജീത് ദിപ്‌കെ

"It is not the protesters, but outsiders, who are trying to incite a clash at Jantar Mantar": Abhijit Dipke

 ന്യൂഡൽഹി : ജന്തർ മന്തറിൽ സംഘർഷത്തിന് ശ്രമിക്കുന്നത് സമരക്കാരല്ലെന്ന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്‌കെ. പുറത്തുനിന്നുളള ആളുകളാണ് പ്രശ്‌നമുണ്ടാക്കുന്നതെന്ന് ദിപ്‌കെ പറഞ്ഞു. സമവായ ചർച്ചകൾക്കായി ജന്തർ മന്തറിന്റെ വാതിലുകൾ തുറന്നുകിടക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രിമാർക്ക് ഇവിടേയ്ക്ക് വരാമെന്നും ദിപ്‌കെ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ വിട്ടുവീഴ്ച്ചയില്ലെന്നാണ് സിജെപി മുഖ്യ വക്താവ് സൗരവ് ദാസ് പറഞ്ഞത്. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും സൗരവ് വ്യക്തമാക്കി.പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ ആവശ്യപ്പെട്ടിരുന്നു. ചോദ്യപേപ്പർ ചോർച്ച ആഴത്തിൽ ചർച്ച ആവശ്യമുളള ഗൗരവതരമായ പ്രശ്‌നമാണെന്നും വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്നും ജെ പി നദ്ദ പറഞ്ഞിരുന്നു.

'ജനങ്ങളോട് ഉത്തരവാദിത്തമുളള സർക്കാരാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളളത്. പരസ്പരം കടന്നാക്രമിക്കുന്നതിനും കുറ്റപ്പെടുത്തുന്നതിനും അപ്പുറം നമുക്ക് കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്. അതിന് ഏറ്റവും അനുയോജ്യമായ വേദി പാർലമെന്റാണ്. ആ ചർച്ചയ്ക്ക് ഞങ്ങൾ സജ്ജരാണ്. ചോദ്യപേപ്പർ ചോർച്ചയിലേക്ക് നയിച്ച ഘടകങ്ങൾ എന്തൊക്കെയാണ്? ഇതിൽ ഉൾപ്പെട്ടവർ ആരൊക്കെയാണ്? ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചത്? ചോദ്യപേപ്പർ ചോർച്ച ശ്രദ്ധയിൽ പെട്ടപ്പോൾ ഞങ്ങൾ എങ്ങനെയാണ് അത് കൈകാര്യം ചെയ്തത്? ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എങ്ങനെയാണ് പരിഹാരം കണ്ടെത്തേണ്ടത്? ഇത്തരം വിശദാംശങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്നുളള സമഗ്രമായ ചർച്ച നടക്കട്ടെ' എന്നാണ് ജെപി നദ്ദ പറഞ്ഞത്.

ഇന്നലെയും ജന്തർ മന്തറിലെ സിജെപി സമരവേദിക്ക് സമീപം സംഘർഷമുണ്ടായിരുന്നു. പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. സൻസദ് മാർഗിലാണ് സംഘർഷം ഉടലെടുത്തത്. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. പൊലീസ് വിദ്യാർത്ഥികൾക്ക് നേരെ കണ്ണീർ വാതകവും പ്രയോഗിച്ചു. സംഘർഷത്തിൽ രണ്ട് എസിപിമാരും ഇൻസ്‌പെക്ടറുമടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുൻകരുതൽ നടപടിയുടെ ഭാഗമായി സെൻട്രൽ ഡൽഹിയുടെ ചില ഭാഗങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കിയെന്നും റിപ്പോർട്ടുണ്ട്.

Tags