ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിലെ കാലതാമസം ; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി ഉമർ അബ്ദുള്ള
ശ്രീനഗർ: ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിലെ കാലതാമസത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി ഉമർ അബ്ദുള്ള. പ്രശ്നം പരിഹരിക്കാൻ താൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സമീപിക്കണോ എന്ന് അദ്ദേഹം പരിഹാസരൂപേണ ചോദിച്ചു. ജമ്മു കശ്മീർ നിയമസഭയിലും പാർലമെന്റിന് പുറത്തും നടക്കുന്ന പ്രതിഷേധങ്ങൾ കൊണ്ട് ഒരു കാര്യവുമില്ലെന്ന് ബി.ജെ.പി നേതാക്കൾ പരിഹസിച്ച സാഹചര്യത്തിലാണ്, കടുത്ത ഭാഷയിൽ ഉമർ അബ്ദുള്ള മറുപടി നൽകിയത്. ജമ്മുവിൽ നടന്ന ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘ആദ്യം അവർ പറഞ്ഞു നിയമസഭയിൽ ഈ വിഷയം ഉയർത്തിയാൽ സംസ്ഥാന പദവി ലഭിക്കില്ലെന്ന്. പിന്നീട് കശ്മീരിലെ പ്രതിഷേധങ്ങൾക്കൊന്നും ഒരു ഫലവുമില്ലെന്ന് അവർ പറഞ്ഞു. ഇപ്പോൾ അവർ പറയുന്നത് ജന്തർ മന്തറിൽ പ്രതിഷേധിച്ചാലും സംസ്ഥാന പദവി കിട്ടില്ലെന്നാണ്. അങ്ങനെയെങ്കിൽ ഞാൻ വൈറ്റ് ഹൗസിലെത്തി ഡോണൾഡ് ട്രംപിനോട് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ആവശ്യപ്പെടണോ?’ - ഉമർ അബ്ദുള്ള ചോദിച്ചു.
ജമ്മു കശ്മീരിലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയ ഉമർ, കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടാത്തതിലുള്ള അതൃപ്തി വ്യക്തമാക്കുകയും ചെയ്തു. ജനാധിപത്യപരമായ മാർഗ്ഗങ്ങളിലൂടെ സംസ്ഥാന പദവി തിരികെ ലഭിക്കുന്നതുവരെ തന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർലമെന്റിന്റെ മൺസൂൺ സമ്മേളനം ആരംഭിക്കുന്ന ജൂലൈ 20ന് ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നാഷണൽ കോൺഫറൻസ് വലിയൊരു പ്രതിഷേധത്തിന് തയാറെടുക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് വർഷത്തോളമായിട്ടും സംസ്ഥാന പദവി ലഭിക്കാത്ത സാഹചര്യത്തിൽ ഇനിയും കാത്തിരിക്കാനാവില്ലെന്ന നിലപാടിലാണ് പാർട്ടി. ഈ വർഷം ജൂലൈ 20ന് നടക്കുന്ന പ്രതിഷേധം കേന്ദ്രസർക്കാരിനുള്ള ശക്തമായ മുന്നറിയിപ്പായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കത്രയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ ഉറപ്പിനെ ഉമർ അബ്ദുള്ള ഓർമിപ്പിച്ചു. ‘മോദിയുടെ വാഗ്ദാനം തീർച്ചയായും പാലിക്കപ്പെടണം. ഭരണഘടനാപരമായി ലഭിക്കേണ്ട അവകാശമാണിത്. എന്നാൽ, എപ്പോൾ സംസ്ഥാന പദവി തിരികെ നൽകും എന്ന ചോദ്യത്തിന് 'അനുയോജ്യമായ സമയത്ത്' എന്ന ഒരേയൊരു മറുപടി മാത്രമാണ് കേന്ദ്രം ആവർത്തിക്കുന്നത്. എന്താണ് ആ അനുയോജ്യമായ സമയം എന്ന് പറയാൻ പോലും സർക്കാർ തയാറാകുന്നില്ല." - അദ്ദേഹം കുറ്റപ്പെടുത്തി.
പാർലമെന്റിന് പുറത്തുള്ള പ്രതിഷേധം ഏതെങ്കിലും വിദേശ രാജ്യത്തോട് സഹായം ചോദിക്കാനല്ല, മറിച്ച് സ്വന്തം രാജ്യത്ത് നൽകിയ വാക്ക് പാലിക്കപ്പെടാൻ വേണ്ടിയാണെന്നും ഉമർ അബ്ദുല്ല കൂട്ടിച്ചേർത്തു. ജമ്മു കശ്മീരിലെ ജനങ്ങളുടെ വികാരം മാനിക്കാൻ സർക്കാർ തയാറാകണം. രാഷ്ട്രീയ പാർട്ടികളുടെ പരിധിക്കപ്പുറം, ഇത് കശ്മീരിലെ ഓരോ പൗരന്റെയും അവകാശമാണെന്നും ഉമർ അബ്ദുള്ള പറഞ്ഞു.
.jpg)

