ജമ്മു-കശ്മീരിന്റെ തനത് ഐഡന്റിറ്റി ഇല്ലാതാക്കാൻ ശ്രമിക്കുന്നു : മഹ്ബൂബ മുഫ്തി
ശ്രീനഗർ: കേന്ദ്രഭരണ പ്രദേശത്തെ ഇസ്‍ലാമിക സ്ഥാപനങ്ങളെയും മതചിഹ്നങ്ങളെയും ഉന്നംവെച്ച് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറും നാഷനൽ കോൺഫറൻസ് സർക്കാറും ജമ്മു-കശ്മീരിന്റെ തനത് ഐഡന്റിറ്റി ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് പി.ഡി.പി മേധാവി മഹ്ബൂബ മുഫ്തി. ‘‘ആദ്യം അവർ വിദ്യാർഥികൾക്ക് അറബിയും മതപഠനവും പഠിപ്പിച്ചിരുന്ന മദീനത്തുൽ ഉലൂം അടച്ചുപൂട്ടി.
ഇപ്പോൾ, മതപരവും ഭൗതികവുമായ വിദ്യാഭ്യാസം നൽകുന്ന സിറാജുൽ ഉലൂമിനെയും പിന്തുടരുന്നു. ചില അജണ്ടകളുടെ പ്രേരണയാൽ കേന്ദ്രത്തിലെ ബി.ജെ.പിയും ഇവിടത്തെ നാഷനൽ കോൺഫറൻസ് സർക്കാറും ഈ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയാണ്. ഇത് ഞങ്ങളുടെ ഐഡന്റിറ്റിക്കെതിരായ ആക്രമണമാണ്’’ -ഗന്ദർബാൽ ജില്ലയിൽ ഒരു തൊഴിലാളി കൺവെൻഷനിൽ പങ്കെടുത്ത ശേഷം മുഫ്തി മാധ്യമപ്രവർത്തകരോട് പറഞ്ഞു. റവന്യൂ വകുപ്പിലെ നിയമന ആവശ്യകതയിൽനിന്ന് ഉർദു നീക്കംചെയ്തിട്ടില്ലെന്ന മുഖ്യമന്ത്രി ഉമർ അബ്ദുല്ലയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ, ‘‘സർക്കാർ തലവൻ കള്ളം പറയുകയാണെ’’ന്ന് പി.ഡി.പി മേധാവി പറഞ്ഞു.
.jpg)

