ജാമിയ മിലിയയിൽ വിദ്യാർത്ഥി യൂണിയനായി സമരം ശക്തം; സമരപ്പന്തൽ പൊളിച്ച് അധികൃതർ, ക്ലാസുകൾ ഓൺലൈനാക്കി
ന്യൂഡൽഹി: വിദ്യാർത്ഥി യൂണിയൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാർത്ഥികളും സർവ്വകലാശാല അധികൃതരും തമ്മിൽ ജാമിയ മിലിയ സർവ്വകലാശാലയിൽ സംഘർഷം. വിദ്യാർത്ഥികൾ സ്ഥാപിച്ച സമരപ്പന്തൽ സർവ്വകലാശാല അധികൃതരുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും നേതൃത്വത്തിൽ പൊളിച്ചുമാറ്റി. എന്നാൽ അധികൃതരുടെ നടപടിയെ പ്രതിരോധിച്ച് വിദ്യാർത്ഥികൾ പൊളിച്ചുമാറ്റിയ പന്തൽ അതേസ്ഥാനത്ത് പുനഃസ്ഥാപിച്ചു.
വൈസ് ചാൻസലറും പ്രൊഫസർമാരും ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ സമരക്കാരുമായി ചർച്ചയ്ക്ക് എത്തിയെങ്കിലും ധാരണയിലെത്താനായില്ല. തുടർന്ന് നൂറിലധികം അധ്യാപകരും സുരക്ഷാ ജീവനക്കാരും ചേർന്ന് വിദ്യാർത്ഥികളെ പിടിച്ച് മാറ്റി പന്തൽ പൊളിക്കുകയായിരുന്നു. മനുഷ്യച്ചങ്ങല തീർത്താണ് വിദ്യാർത്ഥികൾ ഇതിനെ ചെറുത്തത്. ഭാവി തകർക്കുമെന്ന് അധ്യാപകർ വ്യക്തിപരമായി ഭീഷണിപ്പെടുത്തുന്നതായി മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ ആരോപിച്ചു.
പോലീസുമായി ചേർന്ന് സർവ്വകലാശാല അധികൃതർ ഗൂഢാലോചന നടത്തുകയാണെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. ക്യാമ്പസിലെ സുരക്ഷാ ആശങ്കകൾ മുൻനിർത്തി സർവ്വകലാശാലയിലെ എല്ലാ ക്ലാസുകളും താത്കാലികമായി ഓൺലൈൻ രീതിയിലേക്ക് മാറ്റി ഉത്തരവിറക്കിയിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് സർവ്വകലാശാലയ്ക്ക് ചുറ്റും വൻ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
.jpg)


