ജാമിയ മില്ലിയയിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിനായി സമരം 16-ാം ദിവസവും തുടരുന്നു; ക്യാമ്പസിൽ സംഘർഷാവസ്ഥ

Jamia Millia Islamia student union election protest continues for 16th day; tension prevails on campus

ന്യൂഡൽഹി: ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിൽ വിദ്യാർത്ഥി യൂണിയൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം 16-ാം ദിവസത്തിലേക്ക് കടന്നു. യൂണിയന്റെ ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ച് 15 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്താമെന്ന് സർവകലാശാല ഉറപ്പുനൽകിയെങ്കിലും കൃത്യമായ തീയതി പ്രഖ്യാപിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. 2006-ന് ശേഷം സർവകലാശാലയിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല.

സമരത്തില പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെയുള്ള സസ്‌പെൻഷൻ നടപടികളും കാരണം കാണിക്കൽ നോട്ടീസുകളും പിൻവലിക്കാമെന്നും, സുരക്ഷാ ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിക്കാമെന്നും സർവകലാശാല വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, സർവകലാശാലയ്ക്കെതിരെ അപകീർത്തികരമായ പ്രസ്താവനകളും സോഷ്യൽ മീഡിയ പോസ്റ്റുകളും നടത്തിയതിന് വിദ്യാർത്ഥികൾ വാർത്താസമ്മേളനത്തിൽ പരസ്യമായി മാപ്പുപറയണമെന്നും അത്തരം പോസ്റ്റുകൾ നീക്കം ചെയ്ത് സമരം അവസാനിപ്പിക്കണമെന്നുമാണ് അധികൃതരുടെ നിർദേശം.

അതിനിടെ, ക്യാമ്പസിൽ സുരക്ഷ ശക്തമാക്കിയതിനെ തുടർന്ന് സമരക്കാരും അർദ്ധസൈനിക വിഭാഗവും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധിച്ച വിദ്യാർത്ഥികളെ സർവകലാശാലയ്ക്കുള്ളിലേക്ക് പ്രവേശിക്കാൻ പോലീസ് അനുവദിച്ചില്ല. സംഘർഷസാധ്യത കണക്കിലെടുത്ത് നിലവിൽ ക്ലാസുകൾ പൂർണ്ണമായും ഓൺലൈൻ രീതിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Tags