ബഹിരാകാശ മേഖലയിൽ കേന്ദ്രസർക്കാർ തീവ്രമായ സ്വകാര്യവത്കരണ നീക്കം നടത്തുകയാണ് ; ജയറാം രമേശ്

jairam

 ന്യൂഡൽഹി: ബഹിരാകാശ മേഖലയിൽ കേന്ദ്രസർക്കാർ തീവ്രമായ സ്വകാര്യവത്കരണ നീക്കം നടത്തുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. ഐ.എസ്.ആർ.ഒയുടെ പങ്ക് പരിമിതപ്പെടുത്തുന്നതിനൊപ്പം സ്വകാര്യ ബഹിരാകാശ സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ അവസരം നൽകുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു.

ഐ.എസ്.ആർ.ഒയുടെ ഭാവിയെക്കുറിച്ച് അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ ആശങ്ക ഉയർത്തുന്നതായി അദ്ദേഹം എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. ആറ് പതിറ്റാണ്ടിലേറെയായി രാജ്യത്തിന്റെ ബഹിരാകാശ ശേഷി കെട്ടിപ്പടുക്കുന്നതിൽ ഐ.എസ്.ആർ.ഒ വഹിച്ച പങ്കും വിക്രം സാരാഭായ്, സതീഷ് ധവാൻ, ബ്രഹ്മ പ്രകാശ്, യു.ആർ. റാവു, എ.പി.ജെ. അബ്ദുൽ കലാം തുടങ്ങിയ പ്രമുഖരുടെ സംഭാവനകളും ചൂണ്ടിക്കാട്ടിയാണ് പ്രതികരണം.

റോക്കറ്റ് വികസനത്തിലും നിർമാണത്തിലും ഐ.എസ്.ആർ.ഒയുടെ പങ്ക് കുറക്കുകയും ഉപഗ്രഹങ്ങളുമായി ബന്ധപ്പെട്ട ആസ്തികളിൽ വലിയൊരു ഭാഗം സ്വകാര്യ കമ്പനികൾക്ക് കൈമാറുകയും ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട്ടിൽ ഏകദേശം ആയിരം കോടി രൂപ ചെലവിൽ വികസിപ്പിക്കുന്ന രാജ്യത്തെ രണ്ടാമത്തെ ബഹിരാകാശ വിക്ഷേപണകേന്ദ്രം സ്വകാര്യ കമ്പനിക്ക് കൈമാറുമെന്നും ഇത് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ട വിക്ഷേപണകേന്ദ്രത്തിന്റെ ഭാവിയെക്കുറിച്ചും ആശങ്ക ഉയരുന്നതായും അദ്ദേഹം പറഞ്ഞു.

ബഹിരാകാശ സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം നൽകുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ, വർഷങ്ങളായി സ്വകാര്യ മേഖലയുമായി സഹകരിച്ച് പ്രവർത്തിച്ചുവരുന്ന ഐ.എസ്.ആർ.ഒയുടെ പങ്കും ശേഷിയും കുറക്കേണ്ടതിന്റെ ആവശ്യമെന്താണെന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഐ.എസ്.ആർ.ഒയിലെ പ്രധാനപ്പെട്ട 120 ഓളം ജീവനക്കാർ രാജിവച്ചിട്ടുണ്ടെന്നും സ്ഥാപനത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളാകാം ഇതിന് പിന്നിലെന്നും അദ്ദേഹം സൂചിപ്പിച്ചു.

മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ ജി. മാധവൻ നായർ പുതിയ സ്വകാര്യവത്കരണ നീക്കത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഈ വിഷയത്തിൽ മറ്റ് അഞ്ച് മുൻ ചെയർമാൻമാരും പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.


 

Tags