ഗഗന്‍യാനിന്റെ ആദ്യ പരീക്ഷണ പേടകം ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ചേക്കും

ഇന്ത്യയുടെ കന്നി ബഹിരാകാശ ദൗത്യം ഗഗന്‍യാനിന്റെ ആദ്യ പരീക്ഷണ പേടകം ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ഐഎസ്ആര്‍ഒ വിക്ഷേപിക്കുമെന്ന് സൂചന. ഐഎസ്ആര്‍ഒയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഗഗന്‍യാന്‍ പദ്ധതിയുടെ നാല് അബോര്‍ട്ട് ദൗത്യങ്ങളില്‍ ആദ്യത്തേതായിരിക്കും ഇത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഎസ്ആര്‍ഒയുടെ ഹെവി ലിഫ്റ്റ് ലോഞ്ചറായ LVM3 റോക്കറ്റാണ് ഗഗന്‍യാന്‍ ദൗത്യത്തിന്റെ വിക്ഷേപണ വാഹനമായി തീരുമാനിച്ചിരിക്കുന്നത്.
ടെസ്റ്റ് വെഹിക്കിള്‍ മിഷന്‍ TVD1, രണ്ടാമത്തെ ടെസ്റ്റ് വെഹിക്കിള്‍ മിഷന്‍ TVD2 ഗഗന്‍യാനിന്റെ ആദ്യത്തെ അണ്‍ക്രൂഡ് ദൗത്യം (എല്‍വിഎം3ജി1) എന്നിവ പിന്നാലെ വിക്ഷേപിക്കും. പരീക്ഷണ വാഹന ദൗത്യങ്ങളുടെ രണ്ടാം ശ്രേണിയും (TVD3, D4) റോബോട്ടിക് പേലോഡോടുകൂടിയ LVM3G2 ദൗത്യവുമാണ് അടുത്ത ഘട്ടത്തില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. പരീക്ഷണ പേടക വിക്ഷേപണത്തിന്റെയും അണ്‍ക്രൂഡ് ദൗത്യങ്ങളുടെയും ഫലത്തെ അടിസ്ഥാനമാക്കിയാണ് മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ക്രൂ ദൗത്യം ആസൂത്രണം ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൂ എസ്‌കേപ്പ് സംവിധാനം പരീക്ഷിക്കുക എന്നതിനാണ് ഇപ്പോഴത്തെ പരിഗണന.
അടുത്ത ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപണം നടക്കും. രണ്ടോ മൂന്നോ അംഗങ്ങളുള്ള ഒരു സംഘത്തെ ഭൂമിക്ക് ചുറ്റുമുള്ള 400 കിലോമീറ്റര്‍ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് ഒന്നോ മൂന്നോ ദിവസത്തെ ദൗത്യത്തിനായി കൊണ്ടുപോകാനും അവരെ സുരക്ഷിതമായി തിരികെ കൊണ്ടുവരാനുമുള്ള ഇന്ത്യയുടെ പ്രാപ്തി തെളിയിക്കുകയാണ് ഗഗന്‍യാന്‍ പദ്ധതിയുടെ ലക്ഷ്യം.