ക്യാപ്റ്റന്‍ സ്മിത് മച്ചാറുമായി സംസാരിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ; പ്രധാനമന്ത്രി മോദിക്കും സ്മിത് മച്ചാറിനും ഇസ്രയേല്‍ സ്വാതന്ത്ര ദിനത്തിന് പ്രത്യേക ക്ഷണം
ഇസ്രയേലിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ദീപം തെളിയിക്കാനാണ് ഇരുവരെയും നെതന്യാഹു ക്ഷണിച്ചത്.
ഫ്‌ലൈദുബായ് വിമാനാക്രമണത്തില്‍ മനഃധൈര്യം കൈവിടാതെ ധീരമായി ഇടപെട്ട ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറുമായി സംസാരിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. മച്ചാറിന്റെ ധൈര്യത്തെ നെതന്യാഹു അഭിനന്ദിച്ചു. കൂടാതെ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇസ്രയേലിന്റെ വരാനിരിക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളിലേക്ക് നെതന്യാഹു ക്ഷണിക്കുകയും ചെയ്തു.
വിമാനത്തിനുള്ളിലെ ആക്രമണത്തിന് മുമ്പ് നടന്ന കാര്യങ്ങള്‍ മച്ചാര്‍ നെതന്യാഹുവുമായി പങ്കുവെച്ചു. വിമാനം സാധാരണ നിലയില്‍ പറന്നുകൊണ്ടിരിക്കെ അക്രമിയായ സഹപൈലറ്റ് തന്നോട് പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ടു. നാലോ അഞ്ചോ മിനിറ്റിന് ശേഷം തലയുടെ പിന്‍ഭാഗത്ത് ശക്തമായ അടിയേറ്റു. ആദ്യം വിമാനത്തിന്റെ പ്രവര്‍ത്തനത്തില്‍ തകരാര്‍ സംഭവിച്ചുവെന്നാണ് കരുതിയത്. പിന്നീടാണ് താന്‍ ആക്രമിക്കപ്പെടുകയാണെന്ന് മനസിലായത്. ഇതിനിടെ വിമാനം അതിവേഗം താഴേക്ക് പതിക്കാന്‍ തുടങ്ങി.
തുടര്‍ച്ചയായി ആക്രമിക്കപ്പെട്ട മച്ചാര്‍, വിമാനത്തെ രക്ഷിക്കാനുള്ള ഏക മാര്‍ഗം കോക്പിറ്റ് വാതില്‍ തുറക്കുകയാണെന്ന് തിരിച്ചറിഞ്ഞു. ശേഷിച്ച ശക്തിയെല്ലാം എടുത്ത് വാതിലിനടുത്തേക്ക് നീങ്ങുകയും വാതില്‍ തുറക്കുകയായിരുന്നു.
കോക്പിറ്റിന്റെ സുരക്ഷാ വാതില്‍ എങ്ങനെയാണ് തുറന്നതെന്ന് നെതന്യാഹു ചോദിച്ചപ്പോള്‍, വാതിലിന്റെ പ്രവര്‍ത്തനരീതി മച്ചാര്‍ വിശദീകരിച്ചു. പുറത്തുനിന്ന് വാതില്‍ തുറക്കാന്‍ സുരക്ഷാ കോഡ് ആവശ്യമാണ്. എന്നാല്‍ അകത്തുനിന്ന് സാധാരണ മാനുവല്‍ നോബ് തിരിച്ച് വാതില്‍ തുറക്കാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വാതില്‍ തുറന്നതോടെ പുറത്തുണ്ടായിരുന്ന ക്രൂ അംഗങ്ങളും യാത്രക്കാരും ഉടന്‍ കോക്പിറ്റിലേക്ക് പ്രവേശിച്ച് ആക്രമിയെ കീഴടക്കുകയായിരുന്നു.
മച്ചാറിന്റെ നിര്‍ണായക ഇടപെടലിനെ നെതന്യാഹു പ്രത്യേകം പ്രശംസിച്ചു. 170-ലധികം പേരുടെ ജീവന്‍ രക്ഷിക്കുന്നതില്‍ മച്ചാറിന്റെ ഇടപെടല്‍ നിര്‍ണായകമായിരുന്നുവെന്നും അദ്ദേഹത്തിന്റെ ധൈര്യം ലോകത്തിന് തന്നെ പ്രചോദനമാണെന്നും നെതന്യാഹു പറഞ്ഞു.
ഇസ്രയേലിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ദീപം തെളിയിക്കാനാണ് ഇരുവരെയും നെതന്യാഹു ക്ഷണിച്ചത്. മച്ചാറിനെ ഇസ്രയേല്‍ ജനത തങ്ങളുടെ കുടുംബത്തിലെ ഒരാളായി കാണുന്നുവെന്നും നെതന്യാഹു വ്യക്തമാക്കി.
.jpg)


