‘രഹസ്യ ഓപറേഷന്’ കൂട്ടുനിന്നാൽ തീവ്രവാദ കേസ് ‘തുടച്ചുനീക്കാ’മെന്ന വാഗ്ദാനം ; ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർ സമീപിച്ചെന്ന് ഐ.എസ് കേസ് പ്രതി

army

 മുംബൈ: ‘രഹസ്യ ഓപറേഷന്’ കൂട്ടുനിന്നാൽ തീവ്രവാദ കേസ് ‘തുടച്ചുനീക്കാ’മെന്ന വാഗ്ദാനവുമായി ‘രണ്ട് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർ’ സമീപിച്ചതായി ഇസ്ലാമിക് സ്റ്റേറ്റ് ബന്ധ കേസിൽ വിചാരണ നേരിടുന്ന അരീബ് മജീദ്. പ്രത്യേക എൻ.ഐ.എ കോടതിയിൽ അരീബ് നൽകിയ ഹരജിയിലാണ് വെളിപ്പെടുത്തലുണ്ടായത്. സംഭവം ഗൗരവമേറിയതാണെന്ന് പറഞ്ഞ കോടതി, കല്യാണിലെ ബസാർ പേത്ത് പൊലീസ്, എൻ.ഐ.എ എന്നിവരോട് പ്രതികരണം തേടി. കഴിഞ്ഞ 21 നാണ് സംഭവം നടന്നത്. സൈനിക ഇന്റലിജൻസ് ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി ഒരു സ്ത്രീയും പുരുഷനും വീട്ടിൽ കാണാൻ വരുകയായിരുന്നു.

tRootC1469263">

കൂടെയുള്ളത് കേണലാണെന്നും ഇന്റലിജൻസ് മേധാവിയാണെന്നും പറഞ്ഞ സ്ത്രീ, തങ്ങൾ ഡൽഹിയിൽനിന്നാണെന്നും പറഞ്ഞു. വീടിനകത്ത് കയറിയിരിക്കാൻ അവർ സമ്മർദം ചെലുത്തിയെങ്കിലും സമ്മതിച്ചില്ല. എൻ.ഐ.എ ടോൾനമ്പറിൽ വിളിച്ച് വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി അവരെ കൊണ്ടുപോയി എന്നും ഹരജിയിൽ പറയുന്നു. നിയമപരമായല്ലാതെ കേസ് പരിഹരിക്കാൻ താൽപര്യമില്ലെന്നും അരീബ് കോടതിയിൽ പറഞ്ഞു.

തീർഥാടനത്തിന്റെ മറവിൽ മറ്റ് മൂന്നുപേർക്കൊപ്പം സിറിയയിൽ പോയി ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമായി തിരിച്ചെത്തിയ അരീബിനെ 2014 നവംബറിലാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. ഇന്ത്യയിലും ആക്രമണം നടത്താനാണ് വന്നതെന്നാണ് ആരോപണം. എന്നാൽ, തെറ്റ് തിരിച്ചറിഞ്ഞ് വന്നതാണെന്നാണ് അരീബിന്റെ വാദം. 2021ലാണ് എൻ.ഐ.എ കോടതി ജാമ്യം നൽകിയത്. കേസ് കോടതിയിൽ വാദിക്കുന്നത് അരീബ് തന്നെയാണ്.
 

Tags