ഐപിഎൽ ബ്രോഡ്കാസ്റ്റ് എഞ്ചിനീയർ ജാൻ വില്യം ലാങ്ഫോർഡിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

IPL broadcast engineer Jan William Langford found dead in hotel room

മുംബൈ: ഐപിഎൽ മത്സരങ്ങളുമായി ബന്ധപ്പെട്ട് ബ്രോഡ്കാസ്റ്റ് എഞ്ചിനീയറായി പ്രവർത്തിച്ചിരുന്ന ബ്രിട്ടീഷ് പൗരൻ മരിച്ച നിലയിൽ. 76 വയസുകാരനായ ജാൻ വില്യം ലാങ്ഫോർഡിനെയാണ് ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മുംബൈ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

ഞായറാഴ്ച നടന്ന മുംബൈ ഇന്ത്യൻസ് - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിന് ശേഷം ജാൻ വില്യം മുറിയിലേക്ക് മടങ്ങിയിരുന്നു. തിങ്കളാഴ്ച ഹോട്ടൽ ജീവനക്കാർ പലതവണ ഇദ്ദേഹത്തെ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു എങ്കിലും പ്രതികരണം ഉണ്ടായില്ല.ഇതിനെത്തുടർന്ന് ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് റൂം തുറന്ന് പരിശോധിച്ചു. ഈ സമയത്ത്, ലാങ്ഫോർഡിനെ നിലത്ത് കിടക്കുന്ന നിലയിൽ കണ്ടെത്തി. ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോസ്റ്റ്മോർട്ടം പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് മറൈൻ ഡ്രൈവ് പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ അറിയിച്ചു. ആരോഗ്യ പ്രശ്നങ്ങളായിരിക്കാം മരണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം തുടരുക ആണെന്നും പൊലീസ് വ്യക്തമാക്കി.
 

Tags