സ്‌കൂള്‍ റീയൂണിയനോടെ അടുപ്പം ; അവഗണിച്ചതോടെ പ്രണയ പക ; യുവതിയേയും ബന്ധുവിനേയും വെട്ടിക്കൊന്ന് യുവാവ്

murder

സഞ്ജയ് ഗാന്ധിയും മാലിനിയും തിരുവണ്ണാമലൈയിലെ സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണെന്ന് പൊലീസ് പറഞ്ഞു.

യുവതിയെയും യുവാവിനെയും വെട്ടിക്കൊന്ന കേസില്‍ യുവാവ് അറസ്റ്റില്‍. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ സ്വദേശിയായ സഞ്ജയ് ഗാന്ധിയെയാണ് ഇരട്ടക്കൊലപാതകത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളിലെ സഹപാഠിയായിരുന്ന മാലിനി, ഇവരുടെ ബന്ധുവായ രഞ്ജിത് കുമാര്‍ എന്നിവരെയാണ് സഞ്ജയ് ഗാന്ധി കൊലപ്പെടുത്തിയത്. തിരുവണ്ണാമലൈയ്ക്ക് സമീപം തിരുപ്പത്തൂരിലായിരുന്നു സംഭവം.

സഞ്ജയ് ഗാന്ധിയും മാലിനിയും തിരുവണ്ണാമലൈയിലെ സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞവര്‍ഷം സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ഥികളുടെ സംഗമം സംഘടിപ്പിച്ചിരുന്നു. ഈ റീയൂണിയനില്‍വെച്ച് സഞ്ജയ് ഗാന്ധിയും മാലിനിയും സൗഹൃദം പുതുക്കി. തുടര്‍ന്ന് ഇരുവരും അടുപ്പത്തിലായി. എന്നാല്‍, ഏതാനുംദിവസങ്ങളായി മാലിനി തന്നെ അവഗണിക്കുകയാണെന്നാണ് സഞ്ജയ് ഗാന്ധിയുടെ മൊഴി. ബന്ധുവായ രഞ്ജിത്കുമാറുമായി മാലിനി അടുപ്പത്തിലായെന്നും സഞ്ജയ് ഗാന്ധി സംശയിച്ചു. ഇതോടെ രണ്ടുപേരെയും കൊലപ്പെടുത്താന്‍ പ്രതി തീരുമാനിക്കുകയായിരുന്നു.

മാലിനിയും രഞ്ജിത് കുമാറും തിരുപ്പത്തൂരില്‍ ഒരു പുരയിടം നോക്കാനെത്തിയപ്പോഴാണ് പ്രതി ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയത്. ഇരുവരും കാറില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ പ്രതി രണ്ടുപേരെയും വെട്ടിവീഴ്ത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തതായും കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Tags