മുംബൈയിൽ എൽപിജി പ്രതിസന്ധി രൂക്ഷമാകുന്നു
മുംബൈ : നഗരത്തിൽ വരും മാസങ്ങളിൽ എൽപിജി ലഭ്യതയിൽ വെല്ലുവിളികൾ നേരിടാൻ സാധ്യതയുണ്ടെന്ന് മഹാരാഷ്ട്ര ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ഛഗൻ ഭുജ്ബൽ. സംസ്ഥാനത്തിന്റെ ഊർജ സുരക്ഷയെക്കുറിച്ച് സംസാരിക്കവെയാണ് ഈ ആശങ്ക പങ്കുവെച്ചത്.
പശ്ചിമേഷ്യയിൽ യുഎസ് - ഇസ്രയേൽ സഖ്യം ഇറാനെതിരെ കടന്നാക്രമണം നടത്തിയതിനാൽ തുടരുന്ന യുദ്ധസമാനമായ സാഹചര്യത്തിൽ, അടുത്ത മൂന്ന് മാസത്തെ എൽപിജി വിതരണം തടസപ്പെട്ടേക്കാമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. ഇതിന് പരിഹാരമായി പൈപ്പ് വഴിയുള്ള പ്രകൃതിവാതക കണക്ഷനുകൾ ഉടൻ സ്ഥാപിക്കാൻ മന്ത്രി നഗരവാസികളോട് ആവശ്യപ്പെട്ടു.
പശ്ചിമേഷ്യയിലെ പ്രതിസന്ധി ഇന്ധന ഇറക്കുമതിയെ ബാധിക്കുന്നതിനാൽ പരമ്പരാഗത സിലിണ്ടറുകളേക്കാൾ വില കുറഞ്ഞതും വിശ്വസനീയവുമായ ബദലാണ് പിഎൻജി എന്ന് മന്ത്രി വ്യക്തമാക്കി. ഡൽഹിയിൽ നടന്ന ഉന്നതതല ചർച്ചകളിൽ പങ്കെടുത്ത ശേഷമാണ് മന്ത്രി ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.
കേന്ദ്ര സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ പാചകവാതക ലഭ്യതയിൽ വലിയ പ്രതിസന്ധിയുണ്ടാകാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു. പശ്ചിമേഷ്യൻ യുദ്ധം ആഗോള വിതരണ ശൃംഖലയെ സാരമായി ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യം പാചകവാതക സിലിണ്ടറുകളുടെ നിലവിലെ വിതരണം കൃത്യമായി തുടരുന്നതിന് തടസം സൃഷ്ടിക്കുകയാണ്.
പുതിയ കെട്ടിടങ്ങൾക്ക് ഒക്യുപ്പേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നിലവിൽ വാട്ടർ കണക്ഷൻ നിർബന്ധമാക്കിയതു പോലെ തന്നെ പിഎൻജി കണക്ഷനും നിർബന്ധമാക്കണമെന്നാണ് മന്ത്രിയുടെ നിർദ്ദേശം. നഗരത്തിൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിന് ഹൗസിങ് സൊസൈറ്റികളിൽ നിന്ന് അനുമതി ലഭിക്കാത്ത അവസ്ഥയുണ്ട്.
എൽപിജിക്ക് പകരം പിഎൻജി എന്ന നിർദ്ദേശം കേൾക്കുമ്പോൾ ലളിതമായി തോന്നാമെങ്കിലും, പ്രായോഗികമായി നോക്കിയാൽ പെട്ടെന്ന് പിഎൻജി കണക്ഷനിലേക്ക് മാറുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മുംബൈ പോലുള്ള നഗരങ്ങളിൽ പലയിടത്തും പൈപ്പ്‌ലൈൻ ഉണ്ടെങ്കിലും, എൽപിജി ഉപയോഗിക്കുന്ന സാധാരണ ഗ്യാസ് സ്റ്റൗ നേരിട്ട് പിഎൻജിയിൽ ഉപയോഗിക്കാൻ കഴിയില്ലെന്നത് വെല്ലുവിളിയാണ്.
.jpg)


