'നാല് കോടി ജനങ്ങളെ അപമാനിച്ചു'; യുഎസ് സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ രേവന്ത് റെഡ്ഡി
ഗുജറാത്തിന്റെ ആധിപത്യ മനോഭാവമാണ് ഇതിന് പിന്നില്‍.
തനിക്ക് യുഎസ് സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി തെലങ്കാനയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ലണ്ടന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി തിങ്കളാഴ്ച ഹൈദരാബാദില്‍ തിരിച്ചെത്തിയ ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇത് രേവന്ത് റെഡ്ഡിക്കുള്ള അനുമതി നിഷേധിക്കലല്ല, മറിച്ച് തെലങ്കാനയിലെ നാല്കോടി ജനങ്ങളോടുള്ള അനാദരവാണ്. ഗുജറാത്തിന്റെ ആധിപത്യ മനോഭാവമാണ് ഇതിന് പിന്നില്‍. തെലങ്കാനയുടെ വളര്‍ച്ചയും വികസനവും തടസ്സപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്'- രേവന്ത് റെഡ്ഡി വിമര്‍ശിച്ചു.
കേന്ദ്ര നടപടി ഫെഡറലിസത്തിന്റെ തത്വങ്ങള്‍ക്ക് പൂര്‍ണ്ണമായും വിരുദ്ധമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയും ഗുജറാത്ത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ ഭരണാധികാരികളും വിദേശയാത്രകള്‍ നടത്താറുള്ള കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു- 'മോദി ബിജെപിയും രേവന്ത് കോണ്‍ഗ്രസുമാണ്; മോദി ഗുജറാത്തും രേവന്ത് തെലങ്കാനയുമാണ്. കേന്ദ്രം ഉന്നയിക്കുന്ന രാഷ്ട്രീയ കാരണം ഇതാണോ? തെലങ്കാനയ്ക്കെതിരെ ഗുജറാത്ത് നടത്തുന്ന ഗൂഢാലോചനയെ ശക്തമായി അപലപിക്കുന്നു' വെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
.jpg)

