ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് പറന്നുയർന്ന ഇൻഡിഗോ വിമാനത്തിൽ പക്ഷിയിടിച്ചു ; അടിയന്തിരമായി തിരിച്ചിറക്കി

IndiGo flight makes emergency landing due to technical glitch

 ബെംഗളൂരു : കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും മുംബൈയിലേക്ക് പറന്നുയർന്ന ഇൻഡിഗോ വിമാനത്തിന്റെ മുൻവശത്ത് പക്ഷിയിടിച്ചതിനെ തുടർന്ന് വിമാനം അടിയന്തിരമായി തിരിച്ചിറക്കി. ഇൻഡിഗോയുടെ 6E 6283 എന്ന ഫ്ലൈറ്റാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച റൺവേയിൽ നിന്ന് പറന്നുയരുന്നതിനിടെയായിരുന്നു സംഭവം. പക്ഷിയിടിച്ച വിവരം ശ്രദ്ധയിൽപ്പെട്ടയുടൻ പൈലറ്റ് കാണിച്ച ജാഗ്രതയെ തുടർന്ന് വിമാനം സുരക്ഷിതമായി തിരികെ റൺവേയിൽ ഇറക്കാൻ സാധിച്ചതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ യാത്രക്കാർക്കോ ജീവനക്കാർക്കോ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

വിമാനം തിരിച്ചിറക്കിയ ഉടൻ തന്നെ എൻജിനീയർമാർ എത്തി വിമാനത്തിന് എന്തെങ്കിലും തരത്തിലുള്ള സാങ്കേതിക തകരാറുകളോ കേടുപാടുകളോ സംഭവിച്ചിട്ടുണ്ടോ എന്ന് വിശദമായി പരിശോധിച്ചു. പരിശോധനയിൽ വിമാനത്തിന് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കിയതിനെ തുടർന്ന് ഒരു മണിക്കൂറിലധികം വൈകിയാണ് വിമാനം മുംബൈയിലേക്കുള്ള യാത്ര പുനരാരംഭിച്ചത്. ഇന്നലെ നടന്ന ഈ സംഭവം ഇന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

Tags