17,000 അടി ഉയരത്തിൽ വച്ച് ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു ; ലഖ്നോവിൽ അടിയന്തിര ലാന്‍ഡിങ്

IndiGo flight struck by lightning at an altitude of 17,000 feet; emergency landing in Lucknow.

 ലഖ്‌നോ: ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റു. 17,000 അടി ഉയരത്തിൽ വച്ചായിരുന്നു ഇടിമിന്നലേറ്റത്. വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പട്‌നയിൽനിന്ന് ലഖ്‌നോവിലേക്ക് പോയ 6E925 വിമാനത്തിനാണ് മിന്നലേറ്റത്. സംഭവത്തിന് പിന്നാലെ വിമാനം ലഖ്‌നൗവിൽ അടിയന്തര ലാൻഡിങ് നടത്തി. വിമാനത്തിലുണ്ടായിരുന്ന 104 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ലഖ്‌നോവിൽ ഇറങ്ങിയതിന് പിന്നാലെ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ വിമാനം സർവീസ് നിർത്തിവെച്ചു. ഈ വിമാനം അഹമ്മദാബാദിലേക്ക് സർവീസ് നടത്തേണ്ടതായിരുന്നു. അതേസമയം, യാത്രക്കാർക്ക് ബദൽ സംവിധാനം ഏർപ്പെടുത്തി. വൈകിട്ട് ആറരയോടെയാണ് വിമാനം അഹമ്മദാബാദിലേക്ക് പുറപ്പെട്ടത്. വിമാനത്തിന്റെ കേടുപാടുകൾ പരിശോധിച്ചുവരികയാണ്.

ഇതാദ്യമായല്ല ഇൻഡിഗോ വിമാനത്തിന് മിന്നലേൽക്കുന്നത്. ഇക്കഴിഞ്ഞ ജൂൺ 19ന് കൊൽക്കത്ത വിമാനത്താവളത്തിൽ ഒരു ഇൻഡിഗോ വിമാനത്തിന് മിന്നലേറ്റിരുന്നു. അഗർത്തലയിലേക്ക് പോകാനിരുന്ന വിമാനത്തിനാണ് ഇടിമിന്നലേറ്റത്. ഇതോടെ വിമാനത്തിന്റെ വൈദ്യുതി സംവിധാനം തകരാറിലായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 141 യാത്രക്കാരെയും ആറ് ജീവനക്കാരെയും പുറത്തിറക്കി. പിന്നീട് മറ്റൊരു വിമാനത്തിലാണ് യാത്രക്കാരെ അഗർത്തലയിലേക്ക് കൊണ്ടുപോയത്. സംഭവത്തിൽ രണ്ട് ഗ്രൗണ്ട് സ്റ്റാഫ് അംഗങ്ങളെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് അവർ ആശുപത്രി വിട്ടിരുന്നു.

Tags