രാജ്യത്തെ ആഭ്യന്തര വ്യോമയാന വിപണിയുടെ 91 ശതമാനവും ഇൻഡിഗോ, എയർ ഇന്ത്യ ഗ്രൂപ്പുകൾ ആധിപത്യം സ്ഥാപിച്ചു ; കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രാജ്യത്തെ ആഭ്യന്തര വ്യോമയാന വിപണിയുടെ 91 ശതമാനവും ഇൻഡിഗോ, എയർ ഇന്ത്യ ഗ്രൂപ്പുകൾ ആധിപത്യം സ്ഥാപിച്ചെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. ഇൻഡിഗോ 64 ശതമാനവും ബാക്കിയുള്ള 27 ശതമാനം എയർ ഇന്ത്യ ഗ്രൂപ്പും സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ. തൃണമൂൽ കോൺഗ്രസ് എം.പി സാഗരിക ഘോഷ് ഉന്നയിച്ച ചോദ്യത്തിന് രാജ്യസഭയിൽ സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മൊഹോൾ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഈ കണക്കുകൾ പ്രസ്താവിച്ചത്. ഇന്ത്യൻ ആഭ്യന്തര വ്യോമയാന മേഖല ഫലത്തിൽ രണ്ട് കമ്പനികളുടെ നിയന്ത്രണത്തിലായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) നൽകുന്ന 2025-26 കാലയളവിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റു വിമാനക്കമ്പനികൾ ബഹുദൂരം പിന്നിലാണ്. ആകാശ എയർ 4.8 ശതമാനം, സ്പൈസ് ജെറ്റ് 3.9 ശതമാനം എന്നിങ്ങനെയാണ് വിപണി വിഹിതം. സർക്കാർ ഉടമസ്ഥതയിലുള്ള അലയൻസ് എയറിന് കേവലം 0.4 ശതമാനം മാത്രമാണ് പങ്കാളിത്തം. പ്രാദേശിക വിമാനക്കമ്പനികളായ ഫ്ലൈ91, ഇന്ത്യവൺ എയർ, സ്റ്റാർ എയർ എന്നിവക്ക് യഥാക്രമം 0.2 ശതമാനം, 0.01 ശതമാനം, 0.6 ശതമാനം എന്നിങ്ങനെയാണ് ഓഹരി പങ്കാളിത്തം.
കഴിഞ്ഞ ഡിസംബറിൽ ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതുമൂലം ലക്ഷക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായതെന്നും മന്ത്രി സഭയെ അറിയിച്ചു. ഡിസംബർ 3 മുതൽ 5 വരെയുള്ള മൂന്ന് ദിവസത്തിനുള്ളിൽ മാത്രം 3,64,933 യാത്രക്കാരെ സർവിസ് മുടക്കം ബാധിച്ചു. ആകെ 5,689 ഷെഡ്യൂൾഡ് വിമാനങ്ങളാണ് ഇൻഡിഗോ റദ്ദാക്കിയത്. വിമാനങ്ങൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഇതുവരെ 4,620.5 ലക്ഷം രൂപ ഇൻഡിഗോ നഷ്ടപരിഹാരമായി നൽകിയിട്ടുണ്ടെന്നും മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
.jpg)


