തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യൻ മൊബൈൽ ഫോൺ ബ്രാൻഡ് 2028-ൽ വിപണിയിലെത്തും: കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി: ഇന്ത്യയിൽ രൂപകല്പന ചെയ്ത് തദ്ദേശീയമായി നിർമിക്കുന്ന ആദ്യ മൊബൈൽ ഫോൺ ബ്രാൻഡ് 2028 ഒക്ടോബറോടെ വിപണിയിലെത്തുമെന്ന് കേന്ദ്ര ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. എൻ.ഡി.ടി.വി. സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. റേഡിയോ ഫ്രീക്വൻസി കമ്മ്യൂണിക്കേഷൻ, ആന്റിന, കമ്പ്യൂട്ട്, മെമ്മറി തുടങ്ങി അതിസങ്കീർണ്ണമായ ഘടകങ്ങൾ ചെറിയൊരു ഇടത്തിൽ കൃത്യമായ ഭാരനിയന്ത്രണത്തോടെ ഉൾക്കൊള്ളിച്ചാകും ഫോൺ നിർമ്മിക്കുക. ഏത് ബ്രാൻഡ് ആയിരിക്കും അതെന്ന ചോദ്യത്തിന് 'കാത്തിരിക്കൂ' എന്നായിരുന്നു മന്ത്രിയുടെ മറുപടി.
മൂന്ന് വർഷം മുമ്പ് ഇന്ത്യൻ ഡിസൈനർമാർക്ക് മുന്നിൽ വെച്ച വെല്ലുവിളിയുടെ ഭാഗമായി, മുന്നോട്ടുവന്ന കമ്പനികളിൽ ഒരെണ്ണം വിജയകരമായി മൊബൈൽ ഫോണിന്റെ മദർബോർഡ് ഡിസൈൻ ചെയ്തിരുന്നു. ഈ ഇന്ത്യൻ കമ്പനിയുടെ ഡിസൈൻ അമേരിക്കയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാവ് തിരഞ്ഞെടുക്കുകയും, അവർക്കായി വികസിപ്പിച്ച 5ജി പ്ലസ് മൊബൈൽ ഫോൺ നിലവിൽ നിർമ്മിച്ച് യു.എസിലെ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ബൗദ്ധിക സ്വത്തവകാശം ഇന്ത്യയിൽ തന്നെ നിലനിർത്തിക്കൊണ്ട് സ്വന്തം ബ്രാൻഡും ഡിസൈനും ഉള്ള ഫോണുകൾ എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
മുൻ കോൺഗ്രസ് ഭരണകാലത്തെ നിയന്ത്രണങ്ങൾ രാജ്യത്തെ നിർമ്മാണ മേഖലയെ തളർത്തിയിരുന്നുവെന്നും 2014-ൽ ആരംഭിച്ച 'മേക്ക് ഇൻ ഇന്ത്യ' നയമാണ് മേഖലയെ വീണ്ടെടുത്തതെന്നും മന്ത്രി വ്യക്തമാക്കി. മൊബൈൽ ഫോണുകൾ, ഡ്രോണുകൾ, മിസൈലുകൾ, ട്രെയിനുകൾ തുടങ്ങി അത്യാധുനിക ഉപകരണങ്ങൾ ഇന്ന് രാജ്യം നിർമ്മിക്കുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ ഇതിനോടകം മൂന്നാം സ്ഥാനത്തെത്തിക്കഴിഞ്ഞതായും അധികം വൈകാതെ ഇത് രണ്ടാം സ്ഥാനത്തേക്ക് ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.jpg)


