ഇന്ത്യയുടെ സ്വന്തം ബുള്ളറ്റ് ട്രെയിന്‍ വരുന്നു; വേഗത മണിക്കൂറില്‍ 280 കിലോമീറ്റര്‍

bullet train

ട്രെയിനിന്റെ കരുത്തും ഉയര്‍ന്ന വേഗത്തില്‍ ഓടാനുള്ള ശേഷിയുമെല്ലാം ഉറപ്പാക്കാന്‍ വിവിധ പരിശോധനകളും നടന്നുവരികയാണ്.

ഇന്ത്യയില്‍ നിര്‍മ്മിച്ച രാജ്യത്തിന്റെ സ്വന്തം ബുള്ളറ്റ് ട്രെയിന്‍ അധികം വൈകാതെ ട്രാക്കിലെത്തും. തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ നിര്‍മാണം ബെംഗളൂരുവിലെ ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡിന്റെ  നിര്‍മാണശാലയില്‍ പുരോഗമിക്കുകയാണ്. ട്രെയിനിന്റെ കരുത്തും ഉയര്‍ന്ന വേഗത്തില്‍ ഓടാനുള്ള ശേഷിയുമെല്ലാം ഉറപ്പാക്കാന്‍ വിവിധ പരിശോധനകളും നടന്നുവരികയാണ്.

മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ ഇടനാഴിയിലാകും ഈ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടത്തുക. ഇന്ത്യന്‍ എന്‍ജിനീയറിങ് മികവില്‍ ഒരുങ്ങുന്ന ട്രെയിനില്‍ യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമാണ് പ്രധാന പരിഗണന. പരിശോധനാ ഘട്ടത്തില്‍ മണിക്കൂറില്‍ 280 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാനാണ് ട്രെയിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എന്നാല്‍ യാത്രക്കാരുമായി സര്‍വീസ് നടത്തുമ്പോള്‍ പരമാവധി ആസൂത്രിത വേഗം മണിക്കൂറില്‍ 249 കിലോമീറ്ററായിരിക്കും.

ഏകദേശം 202 മീറ്റര്‍ നീളമുള്ള ട്രെയിനില്‍ എട്ട് കോച്ചുകളുണ്ടാകും. നാല് മോട്ടോര്‍ കാറുകളും നാല് ട്രെയിലര്‍ കാറുകളും അടങ്ങുന്നതാണ് ട്രെയിന്‍. ഒരേസമയം 557 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ഭിന്നശേഷിക്കാര്‍ക്കും ചലനപരിമിതിയുള്ളവര്‍ക്കുമായി രണ്ട് പ്രത്യേക ഇടങ്ങളും ഒരുക്കിയിട്ടുണ്ട്. ഏഴ് സ്റ്റാന്‍ഡേര്‍ഡ് ക്ലാസ് കോച്ചുകളും ഒരു എക്സിക്യൂട്ടീവ് ക്ലാസ് കോച്ചുമാണ് ഉണ്ടാകുക. സ്റ്റാന്‍ഡേര്‍ഡ് ക്ലാസില്‍ 3ഃ2 സീറ്റിങ് ക്രമീകരണവും എക്സിക്യൂട്ടീവ് ക്ലാസില്‍ 2ഃ2 സീറ്റിങ് ക്രമീകരണവുമാണ് ഒരുക്കുന്നത്.

ട്രെയിനിന്റെ ഇരുവശങ്ങളിലും ഡ്രൈവര്‍ ക്യാബിനുകളുണ്ടാകും. അത്യാധുനിക ഇന്റലിജന്റ് ഓണ്‍ബോര്‍ഡ് കണ്‍ട്രോള്‍ സംവിധാനവും ഇതിലുണ്ടാകും. ഇതുവഴി ഡ്രൈവര്‍ക്ക് ആവശ്യമായ സമയത്ത് തീരുമാനങ്ങളെടുക്കാനും ഓപ്പറേഷന്‍സ് കണ്‍ട്രോള്‍ സെന്ററുമായി ആശയവിനിമയം നടത്താനും സാധിക്കും. എട്ട് കോച്ചുകളുള്ള രണ്ട് ട്രെയിനുകള്‍ കൂട്ടിച്ചേര്‍ത്ത് 16 കോച്ചുകളുള്ള ട്രെയിനായി ഓടിക്കാനും കഴിയും. യാത്രക്കാരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരെ ഒരുമിച്ച് കൊണ്ടുപോകാന്‍ ഈ സൗകര്യം സഹായിക്കും.

Tags