ഇന്ത്യന്‍ കായികരംഗത്തെ ഇതിഹാസം രാജാ രണ്‍ധീര്‍ സിങ് അന്തരിച്ചു, അന്ത്യം വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന്

Indian sports legend Raja Randhir Singh passes away, succumbing to age-related ailments

ന്യൂഡല്‍ഹി: ഒളിംപ്യനും ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ആദ്യത്തെ ഷൂട്ടിങ് സ്വര്‍ണമെഡല്‍ ജേതാവും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ മുന്‍ സെക്രട്ടറി ജനറലുമായ രാജാ രണ്‍ധീര്‍ സിങ് (79) അന്തരിച്ചു. അര്‍ജുന അവാര്‍ഡ് ജേതാവും അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയംഗവുമായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം സ്വന്തം വസതിയില്‍ വെച്ചാണ് വിടവാങ്ങിയത്.

കായികരംഗത്തെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ ഇന്ത്യക്കാരനായ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷനായിരുന്നു രണ്‍ധീര്‍ സിങ്. 2024ലായിരുന്നു അദ്ദേഹം ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അനാരോഗ്യത്തെ തുടര്‍ന്ന് രണ്ട് വര്‍ഷം മുന്‍പാണ് സിങ് ഈ സ്ഥാനമൊഴിഞ്ഞത്. 1987 മുതല്‍ 2012 വരെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ സെക്രട്ടറി ജനറലായിരുന്നു. 2001 മുതല്‍ 2014 വരെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ ഓണററി അംഗമായിരുന്നു.

1978 ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണം നേടി ചരിത്രം കുറിച്ച താരമാണ് രണ്‍ധീര്‍ സിങ്. ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ ഷൂട്ടിങ് സ്വര്‍ണമായിരുന്നു ഇത്. കരിയറില്‍ തുടര്‍ച്ചയായി അഞ്ച് ഒളിംപിക്‌സുകളില്‍ (1968 മുതല്‍ 1984 വരെ) അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചു. രാജ്യം അദ്ദേഹത്തെ അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്. വിനിതയാണ് ഭാര്യ. ട്രാപ്പ് ഷൂട്ടര്‍ രാജേശ്വരി കുമാരി, മഹിമ, സുനൈന എന്നിവര്‍ മക്കളാണ്.

Tags